തിരുവനന്തപുരം: വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾ ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശപ്പുരഹിത കേരളം എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആയിരം ജനകീയ ഹോട്ടലുകൾ ലക്ഷ്യംവച്ച്തുടങ്ങിയ പദ്ധതി ഇപ്പോൾ 1095 ൽ എത്തിനിൽക്കുകയാണ്. അവയുടെ എണ്ണം ഇനിയും വർധിക്കും. വിശപ്പുരഹിത കേരളം പദ്ധതിക്കായി അക്ഷീണം പ്രയത്നിക്കുന്നവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറഞ്ഞ സമയം കൊണ്ട് 1007 ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ നമുക്കു സാധിച്ചു. ഇന്നത് 1095 ഹോട്ടലുകളിൽ എത്തിനിൽക്കുന്നു. അവയുടെ എണ്ണം ഇനിയും വർധിക്കുന്നതായിരിക്കും. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിനു മുൻപുള്ള സമയം വരെ ഒരു ദിവസം ഏകദേശം 1.50 ലക്ഷം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഭക്ഷണം പാർസൽ ചെയ്ത് വിതരണം ചെയ്യാനും സാധിച്ചു. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.
കേരളത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്ന് ജനകീയ ഹോട്ടലുകളുണ്ട്. ഇത്രയധികം ആളുകൾക്ക് ഗുണകരമായിത്തീർന്ന ഈ ബൃഹദ് പദ്ധതി വിജയകരമായി നടപ്പാക്കുക എന്നത് അതീവശ്രമകരമായ ദൗത്യമാണ്. അതേറ്റവും മികച്ച രീതിയിൽ നിർവഹിക്കാൻ തങ്ങളുടെ രാപ്പകലില്ലാത്ത അദ്ധ്വാനത്തിലൂടെ കുടുംബശ്രീ അംഗങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന അയൽക്കൂട്ടങ്ങൾക്കും സാധിച്ചിട്ടുണ്ട്. നിലവിൽ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. വിശപ്പുരഹിത കേരളത്തിനായി അക്ഷീണം പ്രയത്നിക്കുന്ന അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഈ പദ്ധതി കൂടുതൽ മികവുറ്റതാക്കാൻ പൊതുസമൂഹത്തിന്റെ ആത്മാർഥമായ പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറ്ഞ്ഞു.
Content Highlights: Chief minister Pinarayi Vijayan Congrats Kudumbashree Janakeeya Hotel