ന്യൂഡല്‍ഹി > കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ബസന്ത് ബാലാജിയെ നിയമിച്ചു. ജസ്റ്റിസ് ഡി ശ്രീദേവിയുടെ മകനാണ് ബസന്ത് ബാലാജി. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കും. 2006 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സീനിയർ ഗവ. പ്ലീഡർ ആയിരുന്നു. കേരള ഫിനാൻഷ്യൽ കോർപറേഷൻ സ്റ്റാൻഡിങ് കോൺസൽ ആയി ചുമതല വഹിച്ചിട്ടുണ്ട്.
എട്ട് പേരെ കൂടി വിവിധ ഹൈക്കോടതികളില്‍ ജഡ്ജിമാരായി നിയമിച്ച് ഉത്തരവായി. ജാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജിമാരായി ഗൗതം കുമാര്‍ ചൗധരി, അംബുജ് നാഥ്, നവനീത് കുമാര്‍, സഞ്ജയ് പ്രസാദ് എന്നിവരെ നിയമിച്ചു. പട്ന ഹൈക്കോടതി ജഡ്ജിമാരായി നവനീത് കുമാര്‍ പാണ്ഡെയെയും സുനില്‍ കുമാര്‍ പന്‍വാറിനെയും ഛത്തീസ്ഗഢ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ദീപക് കുമാര്‍ തിവാരിയെയും മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി പി കെ കൗരവിനേയും നിയമിച്ചു.