തിരുവനന്തപുരം:പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടി സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടി എല്ലാ ക്രയവിക്രയങ്ങളും മരവിപ്പിച്ച് റിപ്പോർട്ട് സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.എല്ലാ ജില്ലകളിലും ഓരോ അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെക്ഷൻസ് കോടതിയെ ബഡ്സ് ആക്ട് പ്രകാരമുള്ള കേസുകൾ വിചാരണ ചെയ്യുന്നതിനുള്ള കോടതികളാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണവും സർക്കാർ ഉറപ്പുവരുത്തുമെന്നും തട്ടിപ്പിന് ഇരയായവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തട്ടിപ്പിന് ഇരയായവരുടെ നഷ്ടപ്പെട്ട തുക വീണ്ടെടുക്കാൻ സർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നാണ്പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സബ്മിഷനിൽ ആവശ്യപ്പെട്ടത്.ചിട്ടി കമ്പനി ഉടമകൾ മുപ്പതിനായിരത്തോളം പേരിൽ നിന്നും 2000 കോടിയോളം രൂപയാണ് തട്ടിയെടുത്തതെന്നും പെൻഷൻ തുകയും സ്ഥലം വിറ്റുകിട്ടിയ പണവും നിക്ഷേപിച്ച പാവങ്ങളും സാധാരണക്കാരുമാണ് തട്ടിപ്പിന് ഇരയായതെന്നും പ്രതിപക്ഷ നേതാവ്ചൂണ്ടിക്കാട്ടി.
പോപ്പുലർ സ്ഥാപനങ്ങളുടെയും അതിന്റെ നടത്തിപ്പുകാരുടെയും അവരുടെ ബിനാമികളായി പ്രവർത്തിക്കുന്നവരുടെയും പേരിലുള്ള ബാങ്ക് നിക്ഷേപങ്ങൾ, സ്ഥാവര ജംഗമ സ്വത്തുക്കൾ, ബ്രാഞ്ചുകളിൽ ഉള്ള പണവും സ്വർണവുംആഡംബര കാറുകൾ, നശിച്ചുപോകാനിടയുള്ള മറ്റു വസ്തുക്കൾ എന്നിവ കാലഹരണപ്പെട്ടുപോകുന്നതിനു മുൻപായി കണ്ടുകെട്ടി, ലേലം ചെയ്ത് പണം നഷ്ടമായവർക്ക് നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Content Highlights:vd satheeshan submission about popular finance fraud case