പേരാവൂർ: സി.പി.എം. പേരാവൂർ ഏരിയാ കമ്മിറ്റിക്ക് കീഴിൽ പാർട്ടി നിയന്ത്രണത്തിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിൽ തുടർച്ചയായുണ്ടാകുന്ന ക്രമക്കേടുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ ചില നേതാക്കൾക്കെതിരേ നടപടിക്ക് സാധ്യത. കഴിഞ്ഞദിവസം പേരാവൂരിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നടത്തിയ പ്രസ്താവന ഏരിയ കമ്മിറ്റിയിലെ ചില നേതാക്കളെ ലക്ഷ്യമിട്ടാണെന്നാണ് സൂചന.
പേരാവൂർ സഹകരണ ആസ്പത്രി സൊസൈറ്റി, കൊളക്കാട് സർവീസ് സഹകരണ ബാങ്ക്, കള്ള് ചെത്ത് തൊഴിലാളി സഹകരണസംഘം, സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളും ആരോപണങ്ങളും പാർട്ടിക്ക് ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ നടന്ന കോടികളുടെ ചിട്ടി തട്ടിപ്പ് ലോക്കൽ സമ്മേളനങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് ഉത്തരവാദികൾക്കെതിരേ സംഘടനാ നടപടിയുണ്ടാകുമെന്ന ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്.
സഹകരണ ആസ്പത്രി സംഭവത്തിൽ പൊതുജനത്തിന് സാമ്പത്തിക നഷ്ടമുണ്ടായില്ലെങ്കിലും സൊസൈറ്റിക്ക് വൻ നഷ്ടമുണ്ടായിരുന്നു. ഇതിന്റെ പേരിൽ അന്ന് സംസ്ഥാന കൺട്രോൾ കമ്മിറ്റി ചെയർമാനായിരുന്ന ടി.കൃഷ്ണൻ, ഏരിയാ കമ്മിറ്റിയംഗം കെ.പി.സുരേഷ്കുമാർ എന്നിവർക്കെതിരേ നടപടിയുമുണ്ടായി. പിന്നീട് കൊളക്കാട് സഹകരണ ബാങ്കിൽ ജില്ലാ കമ്മിറ്റിയംഗത്തിന്റെ മകൻ നടത്തിയ സാമ്പത്തിക ക്രമക്കേട് വിവാദമാവുകയും ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു.
വർഷങ്ങൾക്ക് മുൻപ് പേരാവൂർ കള്ളുചെത്ത് തൊഴിലാളി സഹകരണസംഘത്തിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടുകളെത്തുടർന്ന് അന്നത്തെ ഏരിയാ കമ്മിറ്റിയംഗത്തിന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ വിവാദമായ നറുക്ക് ചിട്ടി ആരംഭിക്കുമ്പോൾ തന്നെ വിലക്കിയതായി പാർട്ടി നേതൃത്വം പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പാർട്ടി ഏരിയാ നേതൃത്വത്തിനും സൊസൈറ്റിയെ നിയന്ത്രിക്കുന്ന പാർട്ടി സബ് കമ്മിറ്റിക്കുമുണ്ടായ വീഴ്ചയാണ് കോടികളുടെ ക്രമക്കേടിന് വഴിയൊരുക്കിയതെന്നാണ് ആരോപണം. തൊഴിലുറപ്പ് തൊഴിലാളികളും കൂലിത്തൊഴിലാളികളും കർഷകരുമാണ് ചിട്ടി തട്ടിപ്പിൽ പണം നഷ്ടമായവരിലേറെയും. പാർട്ടിയെ സാധാരണക്കാരുടെ മുന്നിൽ അപഹാസ്യമാക്കുംവിധമാണ് നിലവിലെ സംഭവവികാസങ്ങൾ. ഈ സാഹചര്യത്തിലാണ് പേരാവൂരിൽ നടന്ന രക്തസാക്ഷി അനുസ്മരണ പൊതുയോഗത്തിൽ ജില്ലാ സെക്രട്ടറി കടുത്ത പ്രസ്താവന നടത്തിയത്.
ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പ്: സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു, നഷ്ടം സെക്രട്ടറിയും മുൻ പ്രസിഡന്റും വഹിക്കണം
പേരാവൂർ: സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിൽ ആരോപണവിധേയനായ സെക്രട്ടറി പി.വി.ഹരിദാസിനെ സഹകരണ വകുപ്പ് സസ്പെൻഡ് ചെയ്തു. സൊസൈറ്റിയിലെ സീനിയർ ജീവനക്കാരന് സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകിയതായും അസിസ്റ്റന്റ് രജിസ്ട്രാർ പ്രദോഷ് കുമാർ അറിയിച്ചു. സൊസൈറ്റിക്കുണ്ടായ സാമ്പത്തികനഷ്ടം മുൻ പ്രസിഡന്റ് പ്രിയൻ, സെക്രട്ടറി പി.വി.ഹരിദാസ് എന്നിവരിൽനിന്ന് ഈടാക്കാനും നോട്ടീസ് നൽകി. സെക്രട്ടറിയെ ചുമതലകളിൽനിന്ന് മാറ്റിനിർത്താൻ അസിസ്റ്റന്റ് രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച നടന്ന അടിയന്തര ഭരണസമിതി യോഗം ശുപാർശ നല്കിയിരുന്നു. സൊസൈറ്റിയുടെ ലോക്കറിന്റെയും അലമാരകളുടെയും താക്കോൽ കാണാനില്ലെന്ന് പോലീസിൽ നല്കിയ പരാതി പിൻവലിക്കും. താക്കോലുകൾ ഓഫീസിൽനിന്നുതന്നെ ലഭിച്ച സാഹചര്യത്തിലാണിത്.
സെക്രട്ടറി രാത്രിയിൽ ഫയലുകൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസിൽ നല്കിയ പരാതി പിൻവലിക്കേ?െണ്ടന്നും യോഗം തീരുമാനിച്ചു. അതേസമയം, സൊസൈറ്റിക്ക് ഇടപാടുകാരിൽനിന്ന് ലഭിക്കാനുള്ള വായ്പാ കുടിശ്ശിക ഉടൻ പിരിച്ചെടുത്ത് ബാധ്യതകൾ തീർക്കാനും യോഗത്തിൽ തീരുമാനമായി.