തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ-ഫോൺ ഉടൻ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ പദ്ധതി ജനങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോണിലൂടെ എല്ലാ ജനങ്ങൾക്കും അറിവിന്റെ വാതിൽ തുറന്നിടാനാകുമെന്നും വി. അബ്ദുറഹ്മാൻ പറഞ്ഞു.
ഇതോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ, തുടങ്ങി നിരവധി മേഖലകളിൽ കുതിച്ചുചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയിലൂടെ കേരളത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം വരുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലുംഇന്റർനെറ്റ് എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി സൗജന്യമായും കുറഞ്ഞ ചെലവിലും കേരളത്തിലെ എല്ലാ വീടുകളിലും ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് കെ-ഫോൺ പദ്ധതി. ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലുമാണ് ആദ്യം ഇന്റർനെറ്റ് കണക്ഷൻ എത്തുക. കെഎസ്ഇബിയും (KSEB) കെഎസ്ഐറ്റിഐഎൽ (KSITIL)ഉം ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
Content Highlights:K-fon project will become a reality soon says minister V Abdurahiman