തിരുവനന്തപുരം> കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. യേശുദാസന്റെ നിര്യാണത്തിലൂടെ കാര്‍ട്ടൂണ്‍ മേഖലയിലെ അതുല്യ പ്രതിഭയെയാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.തന്റെ വരകളില്‍ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല നിര്‍ഭയം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക കൂടിയാണ് യേശുദാസന് ചെയ്തത്.
സമഗ്ര സംഭാവനക്കുള്ള കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത് സാമൂഹ്യ പ്രതിബദ്ധതയുള്ള സമ്പൂര്‍ണ്ണ മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം എന്നതിനുള്ള അംഗീകാരമായാണ്. യേശുദാസന്റെ വരകളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് കേരള രാഷ്ടീയ ചരിത്രം വായിച്ചെടുക്കാനാകും. നര്‍മ്മബോധത്തിലും അത് വരകളിലേക്ക് പകര്‍ത്തുന്നതിലും അസാധാരണമായ പ്രതിഭാ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.