കാസർകോട്
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരത്തിൽനിന്ന് നികുതി ഈടാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. വരുമാനനികുതി അപ്പലറ്റ് ട്രിബ്യൂണലിന്റെ വിധിയെത്തുടർന്ന്, രണ്ടര ലക്ഷം രൂപയ്ക്ക് മുകളിൽ നഷ്ടപരിഹാരം ലഭിക്കുന്നവരിൽനിന്നാണ് നികുതി പിരിക്കുക. പാൻകാർഡുള്ളവർ 10 ശതമാനവും ഇല്ലാത്തവർ 20 ശതമാനവും നികുതി നൽകണം.
പദ്ധതികൾക്ക് ഭൂമിയേറ്റെടുക്കുമ്പോൾ ഇരകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ എൽഎ ആൻഡ് ആർആർ നിയമം 2013 (റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആൻഡ് ട്രാൻസ്പെരൻസി ഇൻലാൻഡ് അക്വസിഷൻ, റിഹാബിലിറ്റേഷൻ ആൻഡ് റിസെറ്റിൽമെന്റ് ആക്ട്) പ്രകാരമാണ് ദേശീയപാതക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിലനിർണയിച്ചിരുന്നതും നികുതി ഇളവ് നൽകിയിരുന്നതും. പശ്ചിമബംഗാളിലെ നന്ദിഗ്രാം, സിംഗൂർ എന്നിവിടങ്ങളിൽ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെത്തുടർന്നാണ് പുതിയ നിയമം നടപ്പാക്കിയത്. നികുതി പിടിക്കാതെയാണ് ഇതുവരെ നഷ്ടപരിഹാരം നൽകിയത്.
ജൂണിൽ വരുമാനനികുതി അപ്പലറ്റ് ട്രിബ്യൂണലിന്റെ വിധിയെത്തുടർന്ന് ഭൂമിയേറ്റെടുക്കൽ വിഭാഗം ഓഫീസുകൾ നഷ്ടപരിഹാരം നൽകുന്നത് നിർത്തിയതോടെ ഭൂമിയേറ്റെടുക്കൽ വൈകി. സംസ്ഥാന ലാൻഡ് കമീഷണറോട് നിർദേശം തേടിയെങ്കിലും ഉത്തരവ് ലഭിച്ചിട്ടില്ല. പ്രവൃത്തി ആരംഭിച്ച കാസർകോട് ജില്ലയിൽ നഷ്ടപരിഹാരം നൽകാൻ ബാക്കിയുള്ളവർക്ക് നികുതി പിടിച്ചുള്ള തുക നൽകാനാണ് ഭൂമിയേറ്റെടുക്കൽ വിഭാഗം ഓഫീസിന്റെ തീരുമാനം. ജില്ലയിൽ ഭൂമി നഷ്ടപ്പെട്ട 80 ശതമാനം പേർക്കും നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു. 919.29 കോടി രൂപ കൈമാറി. 179.88 കോടി രൂപ കൈമാറാനുണ്ട്. നേരത്തെ നഷ്ടപരിഹാരം ലഭിച്ചവരുടെ കാര്യത്തിൽ വ്യക്തതയായിട്ടില്ല. നഷ്ടപരിഹാരത്തിന്റെ 25 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. സംസ്ഥാനത്ത് ഭൂമിവില കൂടുതലാണെന്നും കൂടുതൽ നഷ്ടപരിഹാരം നൽകാനാകില്ലെന്നും പറഞ്ഞ് കേന്ദ്രസർക്കാർ തുക അനുവദിക്കുന്നത് നിർത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി ചർച്ച നടത്തി 25 ശതമാനം കിഫ്ബിഫണ്ടിൽനിന്ന് നൽകാൻ തീരുമാനിച്ചത്.