കൊച്ചി
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ പൊലീസ് അന്വേഷണം മതിയാകുമോയെന്നും ക്രൈംബ്രാഞ്ചിന് ഫലപ്രദമായ അന്വേഷണം നടത്താനാകുമോയെന്നും ആരാഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി. കേസിൽ ഡിജിപിയെ കക്ഷിചേർത്തു. തട്ടിപ്പുകൾക്കുപിന്നിൽ അന്താരാഷ്ട്രബന്ധമുണ്ടോയെന്ന് അറിയില്ലെന്ന് കോടതി പരാമർശിച്ചു.
വിവിധ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് എതിരെയാണ് ആരോപണം. ഇവരിൽ പലരും സർവീസിലുണ്ട്. പരാതിക്കാർ ഒന്നിലധികം ഉദ്യോഗസ്ഥരുടെ പേരു പറയുന്നുണ്ട്. മോൻസണിന് എന്തിനാണ് സംരക്ഷണം നൽകിയതെന്ന് കോടതി ചോദിച്ചു. മോൻസണിന്റെ വീട്ടിൽ ആനക്കൊമ്പുണ്ടെന്ന് പൊലീസിന് അറിയാമായിരുന്നു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട് സന്ദർശിച്ചപ്പോഴും ബീറ്റ് ഏർപ്പെടുത്തിയപ്പോഴും എന്തുകൊണ്ട് ആനക്കൊമ്പ് കണ്ടില്ല? ആനക്കൊമ്പുണ്ടെന്ന് അറിഞ്ഞപ്പോൾത്തന്നെ അന്വേഷണത്തിന് ഉത്തരവിടണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
മോൻസണിന്റെ അറിവോടെ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മുൻ ഡ്രൈവർ അജിത് സമർപ്പിച്ച പീഡനപരാതി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.