മഞ്ചേരി
വളാഞ്ചേരി കാടാമ്പുഴയിൽ പൂർണഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ശരീഫ് (42) കുറ്റക്കാരനെന്ന് മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി. ശിക്ഷ ബുധനാഴ്ച വിധിക്കും. പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കൽ മരക്കാരിന്റെ മകൾ ഉമ്മുസൽമ (26), മകൻ ദിൽഷാദ് (7) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കുറ്റത്തോടൊപ്പം വീട്ടിൽ അതിക്രമിച്ച് കയറൽ, ഗർഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ അന്വേഷണ റിപ്പോർട്ടുമാണ് വഴിത്തിരിവായത്. 53 സാക്ഷികളെ കോടതി വിസ്തരിച്ചു. 57 രേഖകളും 14 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
2017 മെയ് 24നാണ് കേസിന് ആസ്പദമായ സംഭവം. ഉമ്മുസൽമ ഭർത്താവും വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ള പ്രതി ഉമ്മുസൽമയുമായി സൗഹൃദത്തിലായി. ഈ ബന്ധത്തിൽ ഉമ്മുസൽമ ഗർഭിണിയായി. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശരീഫ് ഉമ്മുസൽമയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലുകയായിരുന്നു. മരണവെപ്രാളത്തിൽ ഉമ്മുസൽമ പ്രസവിച്ചു.
കൊലപാതകം കണ്ട ഉമ്മുസൽമയുടെ മകൻ ദിൽഷാദിനെയും ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. നവജാതശിശുവും മരിച്ചിരുന്നു. മരണം ആത്മഹത്യയാണെന്ന് വരുത്താൻ ഇരുവരുടെയും കൈ ഞരമ്പുകൾ മുറിച്ചു. തുടർന്ന് വാതിൽ പൂട്ടി താക്കോൽ വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി വാസു ഹാജരായി.