കൊച്ചി
കേരള സർവകലാശാല നടത്തിയ അധ്യാപകനിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാരും സർവകലാശാലയും ചില ഉദ്യോഗാർഥികളും സമർപ്പിച്ച അപ്പീലുകൾ അനുവദിച്ചാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻനമ്പ്യാരും സി പി മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. സർവകലാശാല സംവരണതസ്തിക നിശ്ചയിച്ച രീതിയിൽ തെറ്റില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് നിയമനങ്ങൾ റദ്ദാക്കിയത്.
വിവിധ അധ്യയനവകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയാണ് സർവകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.
ഒറ്റ യൂണിറ്റായി പരിഗണിച്ചില്ലെങ്കിൽ നാമമാത്ര സംവരണവിഭാഗങ്ങൾക്ക് അവസരം ലഭിക്കില്ലെന്ന് സർക്കാരും സർവകലാശാലയും ചൂണ്ടിക്കാട്ടി. കേസിൽ സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, സീനിയർ ഗവൺമെന്റ് പ്ലീഡർ വി മനു എന്നിവരും സർവകലാശാലയ്ക്കുവേണ്ടി സ്റ്റാൻഡിങ് കോൺസൽ തോമസ് എബ്രഹാമും ഹാജരായി.