തിരുവനന്തപുരം
ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ നടന്ന കർഷകവേട്ടയിൽ പ്രതിഷേധിച്ച് കെഎസ്കെടിയു നേതൃത്വത്തിൽ ബുധനാഴ്ച സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. ജില്ല, -ഏരിയ കേന്ദ്രങ്ങളിലാണ് പ്രതിഷേധം. തുടർന്ന് വ്യാഴം രാവിലെ 10ന് രാജ്ഭവനിലേക്കും മാർച്ച് സംഘടിപ്പിക്കും. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
സമാധാനപരമായി സമരം നടത്തുന്ന കർഷകർക്കുനേരെ നടന്ന ക്രൂരമായ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഇതിൽ പ്രതിഷേധിച്ച് ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും നടന്ന പ്രകടനങ്ങളെ പൊലീസ് ക്രൂരമായി ആക്രമിച്ചു. പി കൃഷ്ണ പ്രസാദ്, ബി വെങ്കിട്ട് അടക്കമുള്ള നേതാക്കളെ ക്രൂരമായി മർദിച്ചു. ബ്രിട്ടീഷ് സർക്കാർപോലും ചെയ്യാത്ത ക്രൂരതയാണ് സമരക്കാർക്കുനേരെ യുപി സർക്കാർ അഴിച്ചുവിടുന്നത്. ഇത്തരം ആക്രമണങ്ങൾകൊണ്ട് കൃഷിക്കാരുടെ ആത്മവിശ്വാസത്തെയും സമരവീര്യത്തെയും തളർത്താനാകില്ല. ബുധനാഴ്ച നടക്കുന്ന പ്രതിഷേധവും വ്യാഴാഴ്ചത്തെ രാജ്ഭവൻ മാർച്ചും വൻ വിജയമാക്കണമെന്ന് കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും അഭ്യർഥിച്ചു.