ന്യൂഡൽഹി
ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്രിമം നടന്നതായി ബന്ധുക്കൾ. ബഹ്റായിച്ചിൽനിന്നുള്ള കർഷകൻ ഗുർവിന്ദർ സിങ്ങി (23)ന്റെ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ വിസമ്മതിച്ചു. ഗുർവിന്ദർ സിങ്ങിന്റെ മരണത്തിൽ നിരവധി സംശയം ഉണ്ടെന്ന് കർഷകരും ബന്ധുക്കളും പറഞ്ഞു. മന്ത്രിയുടെ മകന്റെ ഗുണ്ടകളുടെ വെടിയേറ്റാണോ മരണമെന്ന സംശയം ശക്തമാണ്.
‘ശരീരത്തിൽ മൂർച്ചയേറിയ ആയുധങ്ങൾകൊണ്ടുള്ള പാടുകളുണ്ട്. അതുണ്ടാക്കിയ രക്തസ്രാവവും ആഘാതവുമാണ് മരണകാരണം’–- എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, റിപ്പോർട്ടിലെ പരാമർശം തെറ്റാണെന്നും വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഇതോടെ മൃതദേഹം ബഹ്റായിച്ചിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുമെന്ന് ജില്ലാ അധികൃതർ അറിയിച്ചു. ഡൽഹിയിൽനിന്ന് എത്തുന്ന അഞ്ച് ഡോക്ടർമാരാകും വീണ്ടും പോസ്റ്റ്മോർട്ടം നടത്തുകയെന്നും അധികൃതർ പറഞ്ഞു.
അതേസമയം, ലഖിംപുരിൽ കൊല്ലപ്പെട്ട മറ്റ് മൂന്ന് കർഷകരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച സംസ്കരിച്ചു. നച്ചട്ടർസിങ് (65), ദൽജീത്സിങ് (42), ലവ്പ്രീത്സിങ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് മണിക്കൂറുകൾനീണ്ട ചർച്ചയ്ക്കൊടുവിൽ സംസ്കരിക്കാൻ ധാരണയായത്. ബന്ധുക്കൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാണണമെന്ന് നിർബന്ധം പിടിച്ചതിനെത്തുടർന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ തിക്കുണിയയിലേക്ക് മടങ്ങി റിപ്പോർട്ടുകളുമായി തിരിച്ചെത്തിയതിനുശേഷമാണ് സംസ്കാരച്ചടങ്ങ് നടന്നത്.
ലഖിംപുരിലെ ധൗർഹരാ തെഹസിലിലെ കർഷകനായ നച്ചട്ടർസിങ്ങിന്റെ അന്ത്യകർമങ്ങൾ സശസ്ത്രസീമാബലിൽ അംഗമായ മകൻ മൻദീപ്സിങ് നിർവഹിച്ചു. ബഹ്റായിച്ചിൽത്തന്നെയാണ് ദൽജീത്സിങ്ങിന്റെ അന്ത്യകർമങ്ങൾ നടത്തിയത്. ലഖിംപുർ–-ഖേരി പാലിയ തെഹസിലിലെ കർഷകൻ ലവ്പ്രീത്സിങ്ങിന്റെ അന്ത്യകർമങ്ങൾ അച്ഛൻ സത്നാംസിങ് നിർവഹിച്ചു. കർഷകനേതാവ് രാജേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.