സ്റ്റോക്ക്ഹോം
ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം മൂന്ന് പേര് പങ്കിട്ടു. കാലാവസ്ഥയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്കാണ് സ്യുക്കൂറോ മനാബ, ക്ലോസ് ഹാസൽമാൻ, ജോർജിയോ പരീസി എന്നിവര്‍ പുരസ്കാരത്തിനര്‍ഹരായത്. യഥാക്രമം ജപ്പാൻ, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞരാണ് ഇവർ. പുരസ്കാര തുകയായ 11.4 ലക്ഷം ഡോളറിന്റെ (8.2 കോടി രൂപ) പകുതി സ്യുക്കൂറോ മനാബയ്ക്കും ക്ലോസ് ഹാസിൽമാനും ബാക്കി പകുതി തുക പരീസിക്കുമാണ് ലഭിക്കുക.ഭൂമിയിലെ കാലാവസ്ഥയെക്കുറിച്ചും അതിനെ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സ്വാധീക്കുന്നു എന്നറിയാനുമുള്ള പഠനങ്ങൾക്ക് അടിത്തറയിട്ട ഗവേഷകരാണ് മനാബയും ഹാസിൽമാനും. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവിലുണ്ടാകുന്ന വർധന എങ്ങനെയാണ് ആഗോള ഊഷ്മാവ് വർധിപ്പിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനായി 1960കളിൽ മനാബ രൂപംനൽകിയ ഭൗതിക മാതൃകകളാണ്, നിലവിലെ കാലാവസ്ഥാ പഠന മാതൃകകൾക്ക് അടിസ്ഥാനം.
ഒരു ദശാബ്ദത്തിനുശേഷം ഈ പഠനം ഹാസിൽമാൻ മുന്നോട്ടു കൊണ്ടുപോയി കാലാവസ്ഥയെയും ദൈനംദിന അന്തരീക്ഷത്തെയും ബന്ധിപ്പിക്കുന്ന ഒരു മാതൃക സൃഷ്ടിച്ചു. അന്തരീക്ഷ താപനില ഉയരുന്നതിന് പിന്നിൽ മനുഷ്യന്റെ പ്രവർത്തനങ്ങള്‍ എത്രത്തോളമാണെന്ന് കണ്ടെത്താനുള്ള മാര്‍ഗങ്ങളും അദ്ദേഹം വികസിപ്പിച്ചു.ഗണിതശാസ്ത്രം, ജീവശാസ്ത്രം, ന്യൂറോ സയൻസ്, മെഷീൻ ലേണിങ് എന്നിവ പോലുള്ള വ്യത്യസ്ത മേഖലകളിലെ സങ്കീർണ സംവിധാനങ്ങൾ മനസ്സിലാക്കാൻ വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഗവേഷകനാണ് പരീസി. ക്രമരഹിതമായ സങ്കീർണ വസ്തുക്കളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്. 1980 കാലത്താണ് പരീസി തന്റെ പഠനങ്ങള്‍ നടത്തിയത്. ഭൗമകാലാവസ്ഥ സങ്കീർണ സംവിധാനങ്ങളിൽ ഒന്നാണ്. പരീസിയുടെ സിദ്ധാന്തം ഈപഠനമേഖലയിലെ സുപ്രധാനമാണ്.