2022 കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമുകൾ ഔദ്യോഗികമായി പിന്മാറി. യുകെയിലെ കോവിഡ് -19 സാഹചര്യം, ഇന്ത്യക്കാർക്കുള്ള 10 ദിവസത്തെ നിർബന്ധിത നിയന്ത്രണങ്ങൾ എന്നിവയടക്കമുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.
ഇംഗ്ലണ്ടിനെ യൂറോപ്പിലെ ഏറ്റവും കൂടുതൽ കോവിഡ് ബാധിക്കപ്പെട്ട രാജ്യം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഹോക്കി ഇന്ത്യ ഇത് സംബന്ധിച്ച് ഒരു പ്രസ്താവന പുറത്തിറക്കി. 2024 പാരീസ് ഒളിമ്പിക്‌സിന്റെ ഏഷ്യൻ യോഗ്യതാ ഇനം കൂടിയായ ഏഷ്യൻ ഗെയിംസാണ് അവരുടെ മുൻഗണനയെന്ന് പ്രസ്താവനയിൽ പറയുന്നു. അടുത്ത വർഷമാണ് ഏഷ്യൻ ഗെയിംസ്.
കോമൺവെൽത്ത് ഗെയിംസ് അടുത്ത വർഷം ജൂലൈ 28 മുതൽ ഓഗസ്റ്റ് എട്ട് വരെ ബർമിംഗ്ഹാമിലാണ് നടക്കുന്നത്. സെപ്റ്റംബർ 10 മുതൽ ചൈനയിലെ ഹാങ്‌ഷോയിലാണ് ഏഷ്യൻ ഗെയിംസ്. ആകെ 32 ദിവസത്തെ ഇടവേള മാത്രമാണ് രണ്ട് ഗെയിംസുകൾക്കും ഇടയിൽ.
ഗെയിംസിൽ നിന്ന് പിന്മാറുന്ന കാര്യം സംഘാടകരെ മുൻകൂട്ടി അറിയിക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്രയെ അഭിസംബോധന ചെയ്ത കത്തിൽ ഹോക്കി ഇന്ത്യ അഭ്യർത്ഥിച്ചു.
Read More: സാഫ് ചാമ്പ്യൻഷിപ്പ്: ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നിരാശ; ബംഗ്ലാദേശിനെതിരെ സമനില
“നിർഭാഗ്യവശാൽ കോവിഡ് -19 നിലവിലുള്ള സാഹചര്യം കാരണം, ഇംഗ്ലണ്ടിലെത്തുന്നു ഇന്ത്യക്കാർക്ക് 10 ദിവസത്തെ ക്വാറന്റൈൻ ആവശ്യമാണെന്ന് ഇംഗ്ലണ്ട് നിർദ്ദേശിച്ചു. ഇംഗ്ലീഷ് സർക്കാർ ഇന്ത്യൻ വാക്സിനുകളെ അംഗീകരിച്ചിട്ടില്ല. ഈയിടെ നടന്ന ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ ഇന്ത്യൻ കായികതാരങ്ങൾക്കും ഉദ്യോഗസ്ഥർക്കും അത്തരം വിവേചനപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല,” കത്തിൽ പറയുന്നു.
“ഈ 10 ദിവസത്തെ ക്വാറന്റൈൻ ആവശ്യകത കായിക പ്രകടനങ്ങളെ ബാധിക്കും. ഈ നിയന്ത്രണങ്ങൾ ഇന്ത്യയോട് പക്ഷപാതപരമാണെന്നും അത് വളരെ നിർഭാഗ്യകരമാണെന്നും ഞങ്ങൾ കരുതുന്നു, ”ഹോക്കി ഇന്ത്യ പ്രസിഡന്റ് ജ്ഞാനേന്ദ്ര നിങ്കൊംബം ഒപ്പിട്ട കത്തിൽ പറഞ്ഞു.
അതേസമയം, ടോക്കിയോ ഒളിമ്പിക്സ് വിജയത്തിന് ശേഷം ഇടവേള പൂർത്തിയാക്കി ഇന്ത്യൻ ഹോക്കി കളിക്കാർ തിങ്കളാഴ്ച ബെംഗളൂരുവിൽ പരിശീലനം പുനരാരംഭിച്ചു. കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും ക്യാമ്പിൽ കർശനമായി പിന്തുടരുന്നുവെന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ കളിക്കാരും സപ്പോർട്ട് സ്റ്റാഫും റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് വിധേയരായെന്നും ക്വാറന്റൈൻ നിയമപ്രകാരം പ്രത്യേക മുറികളിൽ താമസിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
The post കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമുകൾ പിന്മാറി appeared first on Indian Express Malayalam.