തിരുവനന്തപുരം: അഞ്ച് ജില്ലാ അധ്യക്ഷന്മാരെ മാറ്റി ബിജെപിയിൽ അഴിച്ചുപണി. പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസർകോട് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും. അധ്യക്ഷന് പുറമേ ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല.
നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം ഇതാദ്യമായാണ് ബിജെപിയിൽ പുന:സംഘടന നടക്കുന്നത്. പത്ത് വൈസ് പ്രസിഡന്റുമാരും ആറ് ജനറൽ സെക്രട്ടറിമാരും പത്ത് സെക്രട്ടറിമാരും ഉൾപ്പെടുന്ന ഭാരവാഹി പട്ടികയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചത്
വക്താവായ ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. ട്രഷററായിരുന്ന ജെ.ആർ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. എഎൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഇ കൃഷ്ണദാസാണ് ട്രഷറർ. നടൻ കൃഷ്ണകുമാറിനെ ദേശീയ കൗൺസിൽ അംഗമാക്കി. എം ഗണേഷ് തന്നെ സംഘടനാ സെക്രട്ടറി സ്ഥാനത്ത് തുടരും. ഓഫീസ് സെക്രട്ടറിയായിരുന്ന ഗിരീശനെ ദേശീയ കൗൺസിൽ അംഗമാക്കി.
സന്ദീപ് വചസ്പതി, കെ.വി.എസ് ഹരിദാസ്, ടിപി സിന്ദുമോൾ എന്നിവരെ വക്താക്കളായി ഉൾപ്പെടുത്തി. ജി രാമൻനായർ, എംഎസ് സമ്പൂർണ എന്നിവരേ ദേശീയ കൗൺസിലിലേക്കും ഉൾപ്പെടുത്തി. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയ പലരേയും സംസ്ഥാന സെക്രട്ടറിമാരായും വൈസ് പ്രസിഡന്റുമാരായും ഉൾപ്പെടുത്തിയിട്ടുണ്ട്.
content highlights:surendran will continue as BJP president, bjp state bearers list