കോഴിക്കോട്: ശബരിമലയെ തകർക്കാൻ സർക്കാർ തട്ടിപ്പ് സംഘങ്ങളുടെ സഹായം തേടിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിന് വേണ്ടിയാണ് വ്യാജ ചെമ്പോല ഉപയോഗിച്ച് പ്രചാരണങ്ങൾ നടന്നത്. മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകൾക്ക് സർക്കാരും ഉന്നത ഉദ്യോഗസ്ഥരും സംരക്ഷണം നൽകുകയായിരുന്നുവെന്നും കെ.സുരേന്ദ്രൻ നാദാപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മോൻസൻ മാവുങ്കലുമായി സർക്കാരിനുള്ള ബന്ധമെന്താണ്. എന്തെല്ലാം സഹായമാണ് ഇയാൾക്ക് സർക്കാരിൽ നിന്ന് ലഭിച്ചത്. ഇതിനെല്ലാം സർക്കാർ മറുപടി നൽകണം. മുഖ്യമന്ത്രിക്കും സർക്കാരിനും എന്തൊക്കെയോ മറച്ചുവെക്കാനുള്ളതുകൊണ്ടാണ് ഈ തട്ടിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾപുറത്ത് വരാത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു. ശബരിമല സമരകാലത്ത് ആചാരങ്ങൾ തകർക്കാനായി സർക്കാർ ഉപയോഗിച്ച പ്രധാന വാദമുഖം ഈ ചെമ്പോലയായിരുന്നു. ഈ ചെമ്പോലയാണ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ അനാവശ്യ ധൃതി കാട്ടുകയാണ്. ഇപ്പോൾ കേരളത്തിന് ഇങ്ങനെയൊരു പദ്ധതിയുടെ ആവശ്യമില്ല. ചിലർക്ക് സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള നിക്ഷിപ്തതാൽപര്യക്കാരാണ് പദ്ധതിക്ക് പിന്നിൽ. മറ്റുള്ളവർക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ നിരവധി കുടുംബങ്ങളെ സർക്കാർ വഴിയാധാരമാക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.