തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപോയി. കേസിലെ പ്രതിയായ മോൺസൻ മാവുങ്കലിനെ കുറിച്ച് രണ്ടര വർഷം മുമ്പ് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടും സർക്കാർ നോക്കി നിന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ അന്വേഷണം നടത്തുകയായിരുന്നുവെന്നും സുഖ ചികിത്സക്ക് ആരെല്ലാമാണ് പോയതെന്ന് അറിയാമായിരുന്നുവെന്നുമാണ് ഭരണപക്ഷവും മുഖ്യമന്ത്രിയും ഇതിനോട് പ്രതികരിച്ചത്.
മോൺസൻ മാവുങ്കലിന്റെ മ്യൂസിയത്തിൽ സന്ദർശന നടത്തിയ മുൻ ഡിജിപി ലോക്നാഥ് ബെഹറയെ സംരക്ഷിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മോൺസണിൽ നിന്ന് ചികിത്സ തേടിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ന്യായീകരിച്ചു.
മോൺസന് പോലീസ് കാവലേർപ്പെടുത്തിയെന്നും ശബരിമലയിൽ വ്യാജചെമ്പോലയുണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചുവെന്ന് പി.ടി.തോമസ് ആരോപിച്ചു. മോൺസനെ കുറിച്ച് രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും രണ്ടേകാൽ വർഷം എന്തെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. പുരാവസ്തുക്കളെ സംബന്ധിച്ച് പരിശോധന നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, പുരാവസ്തു വകുപ്പ് എന്നിവരോട് നിർദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുൻകൂർ ജാമ്യം നേടാനുള്ള പ്രതികളുടെ നീക്കം തടഞ്ഞതായി പറഞ്ഞ മുഖ്യമന്ത്രി ആരാണ് മോൺസന്റെ അടുത്ത് ചികിത്സക്ക് പോയതെന്ന് എല്ലാവർക്കും അറിയാമെന്ന് പറഞ്ഞു. മോൺസൻ മാവുങ്കലിനെതിരായ പരാതി 6-9-2021-നാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർന്ന് കേസെടുത്തത്. ആരൊക്കെ എന്തിനൊക്കെ പോയി എന്നത് പോലീസ് അന്വേഷിക്കേണ്ടതാണ്. ലോക്നാഥ് ബെഹറയുടെ സന്ദർശനത്തിന് പിന്നാലെ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് ഉണ്ടായിട്ടുള്ളത്. അല്ലാതെ സുഖ ചികിത്സക്ക് തങ്ങുകയല്ല ഉണ്ടായത്മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അതേ സമയം മോൺസനുമായി പണമിടപാടിൽ കെപിസിസി പ്രസിഡന്റ് ഇടനിലനിന്നുവെന്ന് വ്യവസായ മന്ത്രി പി.രാജീവ് ചർച്ചയ്ക്കിടെ പരാമർശം നടത്തി.
എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കെ.സുധാകരനെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിച്ചും പ്രതിരോധിച്ചും രംഗത്തെത്തി. നിരവധി വർഷങ്ങൾകൊണ്ട് ഉണ്ടാക്കുന്നതാണ് പൊതുപ്രവർത്തകരുടെ പ്രതിച്ഛായ. അത് ഒരുദിവസം കൊണ്ട് ഇല്ലാതാക്കാനാകില്ല. ഏതെങ്കിലും ചിത്രങ്ങൾ ഉയർത്തി ഇല്ലാതാക്കാനാണ് ശ്രമമെങ്കിൽ അത് നടക്കട്ടെ. കെ.സുധാരന്റേത് മാത്രമല്ല.
ഇന്റലിജൻസ് റിപ്പോർട്ടുകളെല്ലാം മറുച്ചുവെച്ച് മോൺസന്റെ വീടിന് സംരക്ഷണം നൽകി വിശ്വാസ്യത ഉണ്ടാക്കി കൊടുക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്. രണ്ടേകാൽ കൊല്ലത്തിന് ശേഷം ലഭിച്ച ഒരു പരാതിയുടെ പുറത്താണ് ഇയാളെ പേരിൽ കേസെടുത്തിട്ടുള്ളത് എന്നത് ദുരൂഹതയുണ്ടാക്കുന്നു.
ഇയാൾ ഡോക്ടറാണെന്നും പുരാവസ്തുക്കൾ ശേഖരിക്കുന്ന ആളാണെന്നും കരുതി അവിടെ പോയിട്ടുള്ള ആളുകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരമാണ് നടക്കുന്നത്. യഥാർഥത്തിൽ അയാൾക്ക് വിശ്വാസ്യത ഉണ്ടാക്കി കൊടുത്തത് പോലീസും സർക്കാരുമാണ്. ഇക്കാര്യങ്ങളാണ് നിയമസഭയിൽ ഉന്നയിച്ചത്. അത് ചർച്ച ചെയ്യാൻ വിസമ്മതിച്ചതിനാലാണ് സഭയിൽ നിന്ന് ഇറങ്ങി പോയതെന്ന് സതീശൻ പറഞ്ഞു.