തിരുവനന്തപുരം
സ്ത്രീപക്ഷ നിലപാടെടുക്കുന്ന തലത്തിലേക്ക് മാധ്യമപ്രവർത്തന രീതിയിൽ മാറ്റം വരണമെന്ന് വനിതാകമീഷൻ അധ്യക്ഷ പി സതീദേവി. മാധ്യമ മേഖലയിൽ പുതിയ സംസ്കാരം രൂപപ്പെടുത്താനുതകുംവിധം മാർഗരേഖ തയ്യാറാക്കി സർക്കാരിനു നൽകും. മാധ്യമ ചർച്ചകളിലും സംവാദങ്ങളിലും സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടാകുന്നത് ഖേദകരമാണ്. വനിതാ മാധ്യമ പ്രവർത്തകർക്ക് സുരക്ഷിതമായി പ്രവർത്തിക്കാനാകണമെന്നും അവർ പറഞ്ഞു. കേസരി മെമ്മോറിയൽ ജേർണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അവർ.
വിവിധതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സംസ്ഥാനത്ത് സ്ത്രീസൗഹൃദ അന്തരീക്ഷം വളർത്തിയെടുക്കാൻ കമീഷൻ മുൻകൈ എടുക്കും. വനിതാ കമീഷനെ ശക്തിപ്പെടുത്താൻ നിയമം ഭേദഗതിചെയ്യുന്നതിന് വിദഗ്ധരുമായി ചർച്ചചെയ്ത് സർക്കാരിന് ശുപാർശ നൽകും. എറണാകുളം ആസ്ഥാനമാക്കി കമീഷനു മധ്യമേഖലാ ഓഫീസ് തുടങ്ങാൻ നടപടി ആരംഭിച്ചു. കമീഷനിൽ രജിസ്റ്റർചെയ്ത സംഘടനകളുടെ സഹായത്തോടെ സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ച ഡാറ്റാ ശേഖരണം നടത്തും. തദ്ദേശസ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും. വിവാഹധൂർത്ത് നിരോധിക്കാനും സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യാനുമായി സർക്കാരിനു ശുപാർശ നൽകിയതായും അവർ പറഞ്ഞു.
ഹരിത നേതാക്കളുടെ പരാതി ലഭിച്ചു. കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ പരാതിക്കാരെ കേൾക്കും. ചാനൽ ചർച്ചയിലെ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ എറണാകുളത്തെ അഭിഭാഷകയുടെ പരാതി ലഭിച്ചതായും തുടർ നടപടി സ്വീകരിക്കുമെന്നും അവർ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കമീഷൻ അംഗങ്ങളായ ഇ എം രാധ, അഡ്വ. എം എസ് താര എന്നിവരും പങ്കെടുത്തു.
തീർപ്പാക്കാനുള്ളത് 14,927 പരാതി
2015 മുതൽ 2021 സെപ്തംബർ 30 വരെ വനിതാ കമീഷനിൽ രജിസ്റ്റർ ചെയ്ത 40,728 പരാതിയിൽ 25,801 എണ്ണം തീർപ്പാക്കിയതായി പി സതീദേവി പറഞ്ഞു. 14927 പരാതികൾ തീർപ്പാകാനുണ്ട്. തലസ്ഥാന ജില്ലയിലാണ് കൂടുതൽ പരാതി.
ലഭിച്ച 14687 പരാതിയിൽ 8398 എണ്ണം തീർപ്പായി. വയനാട്ടിലാണ് കുറവ്–- 526.















