തിരുവനന്തപുരം
മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ വനിതാ വിദ്യാർഥി വിഭാഗം ‘ഹരിത’ നേതാക്കളുയർത്തിയ പരാതി സഭയിൽ ചർച്ച ചെയ്യുന്നത് തടയാൻ പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയാൻ ശ്രമിച്ചപ്പോൾ രാഷ്ട്രീയം പരാമർശിക്കുന്ന ചോദ്യങ്ങളാണെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എഴുന്നേറ്റു. പ്രതിപക്ഷ ബഹളം വകവയ്ക്കാതെ മുഖ്യമന്ത്രി മറുപടി തുടർന്നതോടെ തടസ്സമുണ്ടാക്കാനുള്ള നീക്കം പരാജയപ്പെട്ടു.
സ്ത്രീനീതിക്കായും ആത്മാഭിമാന ക്ഷതത്തിനെതിരെയും പ്രതികരിച്ചതിന്റെ പേരിൽ പ്രമുഖ രാഷ്ട്രീയ പാർടിയുടെ നേതൃത്വം വനിതാ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുകയും അവഹേളിക്കുകയും ചെയ്തതിനെക്കുറിച്ചായിരുന്നു ചോദ്യം. എന്നാൽ, ചോദ്യോത്തരവേള രാഷ്ട്രീയം പറയാനുള്ള വേദിയാക്കരുതെന്നും ചോദ്യം റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അംഗങ്ങൾ എഴുതിത്തന്നാലേ ചോദ്യം റദ്ദാക്കാനാകൂവെന്ന് സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കിയശേഷവും പ്രതിപക്ഷം ബഹളംവച്ചു. സ്പീക്കറിൽ സമ്മർദം ചെലുത്തി നടപടിക്രമങ്ങളും കീഴ്വഴക്കവും ലംഘിക്കാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
ലിംഗസമത്വത്തിന്റെയും തുല്യനീതിയുടെയും കാര്യത്തിൽ രാഷ്ട്രീയ പാർടികൾക്കും വലിയ പങ്ക് വഹിക്കാനുണ്ട്. സ്ത്രീസുരക്ഷയിൽ കേരളം ഏറെ മുന്നിലാണെങ്കിലും ഇപ്പോഴും സ്ത്രീകൾക്കെതിരായ നീക്കങ്ങളുടെ അംശങ്ങൾ നിലനിൽക്കുന്നു. ഞെട്ടിക്കുന്ന സംഭവങ്ങൾ അടുത്തിടെയുണ്ടായി. അത്തരം സാഹചര്യങ്ങൾക്കെതിരെ പൊതുസമീപനത്തിന്റെ തുടർച്ച അനിവാര്യമാണ്. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ആർക്കെങ്കിലും അപഭ്രംശമുണ്ടായെങ്കിൽ തിരുത്തണം. ഹരിത നേതാക്കൾ പൊലീസിനും വനിതാ കമീഷനും നൽകിയ പരാതിയെക്കുറിച്ച് വാർത്ത വന്നിരുന്നു. സർക്കാർ എന്ന നിലയിൽ ഇതേക്കുറിച്ച് പറയാൻ ഔദ്യോഗിക വിവരം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.