തിരുവനന്തപുരം
രാജ്യത്തെ പൊതുസ്വത്തുക്കൾ സ്വകാര്യമേഖലയ്ക്ക് പാട്ടത്തിന് നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഏഴിന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തലസ്ഥാനത്ത് രാജ്ഭവനു മുന്നിലും മറ്റു ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസിനു മുന്നിലുമാണ് ധർണ. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ധർണ.
രാജ്യത്തിന്റെ പൊതുസ്വത്ത് വിദേശ–- സ്വദേശ സ്വകാര്യ മേഖലയ്ക്ക് പാട്ടത്തിന് നൽകി ആറു ലക്ഷം കോടി സമാഹരിക്കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവും രാജ്യദ്രോഹപരവുമാണ്. ഇതിനെതിരെ രാജ്യത്ത് ആരംഭിച്ച പ്രതിഷേധം കൂടുതൽ ശക്തിയാർജിക്കും. ഏഴിന് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിൽ ബിഎംഎസ് ഒഴികെയുള്ള 23 തൊഴിലാളി സംഘടനകളും അണിചേരുമെന്നും സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി ജെ ജോസഫ്, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് മാഹീൻ അബൂബക്കർ, സേവ സംസ്ഥാന ജനറൽ സെക്രട്ടറി സോണിയ ജോർജ്, കെടിയുസി സംസ്ഥാന പ്രസിഡന്റ് കവടിയാർ ധർമൻ, ടിയുസിഐ സംസ്ഥാന സെക്രട്ടറി ടി ബി മിനി, ജെഎൽയു സംസ്ഥാന സെക്രട്ടറി സുനിൽ ഖാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.