തിരുവനന്തപുരം
കോവിഡ് ഇളവുകളെ തുടർന്ന് റെയിൽവേ കേരളത്തിന് അനുവദിച്ച പ്രതിദിന പ്രത്യേക എക്സ്പ്രസ് ട്രെയിനുകളുടെ സർവീസ് ആറിന് ആരംഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാതെ യാത്ര ചെയ്യാവുന്ന ട്രെയിനുകളാണിവ. അനുവദിച്ചിരിക്കുന്ന സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകും. സീസൺ ടിക്കറ്റും അനുവദിക്കും. പുതിയ സീസൺ ടിക്കറ്റുകൾ അനുവദിക്കുന്നതിനൊപ്പം അടച്ചുപൂട്ടൽ വന്നശേഷം കാലാവധിയുള്ള സീസൺ ടിക്കറ്റുകളിലെ ഉപയോഗിക്കാത്ത ദിനങ്ങൾ ഉൾപ്പെടുത്തും. ആറുമുതൽ സൗകര്യം നിലവിൽ വരും.
കേരളത്തിന്റെ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ആവശ്യ പ്രകാരമാണിവ അനുവദിച്ചത്.
ട്രെയിനുകളും യാത്രാ സർവീസ് തുടങ്ങുന്ന തീയതിയും:
എറണാകുളം ജങ്ഷൻ–-ഗുരുവായൂർ സ്പെഷ്യൽ എക്സ്പ്രസ്- 06448 (ആറുമുതൽ), ഗുരുവായൂർ–-എറണാകുളം ജങ്ഷൻ –- 06439 (ഏഴ്), എറണാകുളം ജങ്ഷൻ–-ആലപ്പുഴ–- 06449 (ഏഴ്), ആലപ്പുഴ–-എറണാകുളം ജങ്ഷൻ: 06452 (ഏഴ്), തിരുവനന്തപുരം സെൻട്രൽ–-പുനലൂർ: 06640 (ആറ്), പുനലൂർ–-തിരുവനന്തപുരം സെൻട്രൽ: 06639 (ഏഴ്), കോട്ടയം–-കൊല്ലം ജങ്ഷൻ:
06431 (എട്ട്), കൊല്ലം ജങ്ഷൻ–-തിരുവനന്തപുരം: 06425 (എട്ട്), തിരുവനന്തപുരം–-നാഗർകോവിൽ: 06435 (എട്ട്). ഗുരുവായൂർ, എറണാകുളം ജങ്ഷൻ, കോട്ടയം, ചെങ്ങന്നൂർ, ആലപ്പുഴ, തിരുവനന്തപുരം സെൻട്രൽ, നാഗർകോവിൽ ജങ്ഷൻ, കന്യാകുമാരി സ്റ്റേഷനുകളിലെ വിശ്രമ മുറികൾ ഏഴുമുതൽ പ്രവർത്തിക്കും. സ്റ്റേഷനുകളിലെ കാത്തിരിപ്പ് ഹാളുകൾ തിങ്കൾമുതലും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പ്രവർത്തനം.