തിരുവനന്തപുരം
നിസാമുദ്ദീൻ- എക്സ്പ്രസിൽ സ്ത്രീകളെ ബോധരഹിതരാക്കി സ്വർണവും മൊബൈൽ ഫോണും കവർന്നവർ അറസ്റ്റിൽ. കൊൽക്കത്ത സ്വദേശികൾ ഷൗക്കത്തലി (കയാം–-49), എം ഡി കയാം (49), സുബൈർ ക്വാദ്സി (47) എന്നിവരെയാണ് സമാന കവർച്ചയ്ക്ക് ഒരുങ്ങുന്നതിനിടെ മംഗള എക്സ്പ്രസിൽനിന്ന് റെയിൽവേ പൊലീസ് പിടികൂടിയത്.
സെപ്തംബർ 12നാണ് നിസാമുദ്ദീൻ തിരുവനന്തപുരം എക്സ്പ്രസിൽ സഞ്ചരിക്കുകയായിരുന്ന തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകൾ അഞ്ജലി എന്നിവരിൽനിന്ന് പതിനാറര പവനും മൊബൈലും കവർന്നത്. തമിഴ്നാട് സ്വദേശി കൗസല്യയുടെ മൊബൈലും മോഷ്ടിച്ചു. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ഇവരെ ബോധരഹിതരാക്കുകയായിരുന്നു. വിജയലക്ഷ്മി പാന്റ്സിൽ പ്രത്യേകം തയ്പിച്ച അറ കത്തികൊണ്ടു കീറിയാണ് സ്വർണാഭരണങ്ങൾ കവർന്നത്. സ്ഥിരം കുറ്റവാളി ഗുജറാത്ത് സ്വദേശി അസ്ഗർ ബഗ്ഷയെ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ അന്വേഷണം. ഇയാളുടെ ഫോട്ടോ വിജയലക്ഷ്മി തിരിച്ചറിഞ്ഞിരുന്നു. ബഗ്ഷയ്ക്കായി മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ഫലംകണ്ടില്ല.
ഇതിനിടെ തമിഴ്നാട്ടിൽ സമാന കേസിൽ പ്രതിയായ കയാമെന്നറിയപ്പെടുന്ന ഷൗക്കത്തലിയുടെ വിവരം ലഭിച്ചു. ഇയാളുടെ കൊൽക്കത്തയിലെ വിലാസം സംഘടിപ്പിച്ച് അന്വേഷകസംഘം അവിടെയെത്തി. മൂവരുടേയും നീക്കങ്ങൾ നിരീക്ഷിച്ചു. ചെറുതുരുത്തി സ്വദേശിയുടെ മേൽവിലാസം ഉപയോഗിച്ച് ഒരേ പിഎൻ*ആറിൽ മൂന്ന് വ്യത്യസ്ത പേരുകളിൽ മംഗള എക്സ്പ്രസിൽ സംഘം വീണ്ടും കേരളത്തിലേക്ക് വരുന്നതായി മനസ്സിലായി. വിമാനത്തിൽ മുംബൈയിലെത്തിയ റെയിൽവേ സി ഐ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘം ട്രെയിനിൽ കയറി. വാട്സാപ് വഴി അയച്ച ചിത്രങ്ങളിൽനിന്ന് വിജയലക്ഷ്മി ഇവരെ തിരിച്ചറിഞ്ഞു. ട്രെയിൻ സംസ്ഥാനത്ത് എത്തിയതും വിജയലക്ഷ്മിയെ പൊലീസ് നേരിട്ടെത്തിച്ചും പ്രതികൾ ഇവരെന്ന് ഉറപ്പിച്ചു. വൈകിട്ട് ആറോടെ അറസ്റ്റ് ചെയ്തു.