തിരുവനന്തപുരം
പ്ലസ് വൺ പ്രവേശനം സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് ചുട്ട മറുപടി നൽകി മന്ത്രി വി ശിവൻകുട്ടി. ഉന്നതവിജയം നേടിയവർക്കും സീറ്റ് കിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള പ്രതിപക്ഷ ശ്രമം മന്ത്രി കണക്കുദ്ധരിച്ച് പൊളിച്ചു.
തുടർന്ന്, സംസാരിച്ച പ്രതിപക്ഷ നേതാവ് മറ്റ് സംസ്ഥാനങ്ങളിൽനിന്നും മലയാളി വിദ്യാർഥികൾ വരുന്നുണ്ടെന്ന് പറഞ്ഞു. ഇത് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് തിരുത്തി. ‘ഇന്ത്യയിൽ ബോർഡ് പരീക്ഷ നടത്തിയ ഏക സംസ്ഥാനം കേരളമാണ്. അയൽ സംസ്ഥാനങ്ങളിൽ ഓൾപ്രമോഷൻ ആയതിനാൽ ഇവിടെ പ്ലസ്വണ്ണിന് പ്രവേശനമില്ലെന്നും’ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഇതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചു; ‘തമിഴ്നാട്ടിലും കർണാടകത്തിലും കുട്ടികൾ ഹയർസെക്കൻഡറിക്ക് പഠിക്കുന്നില്ല എന്നാണ് മന്ത്രി പറയുന്നത്. അങ്ങയെ വിദ്യാഭ്യാസ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് പ്രണാമം.’ എന്നായി. മന്ത്രി തിരുത്താൻ ശ്രമിച്ചെങ്കിലും സതീശൻ വഴങ്ങിയില്ല. പിന്നീട്, ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുമ്പോൾ സതീശന്റെ പുച്ഛത്തെ മന്ത്രി തുറന്നു കാണിച്ചു. താൻ സർവജ്ഞപീഠം കയറിയ ആളല്ല. പ്രതിപക്ഷ നേതാവിന്റെ ധിക്കാരവും ഏവരേയും പുച്ഛിക്കുന്ന രീതിയും ശരിയല്ല. അങ്ങയെ പ്രതിപക്ഷ നേതാവാക്കിയത് ആരാണെന്ന് ഞാൻ ചോദിക്കുന്നില്ല. ചുറ്റുവട്ടത്തുള്ളവർ പോലും അവസരം വന്നാൽ കുത്താൻ തയ്യാറാണെന്ന ഓർമ വേണമെന്നും മന്ത്രി തുറന്നടിച്ചു. പാലാ ബിഷപ്പിന്റെ പ്രസ്താവനയിലടക്കമുള്ള യുഡിഎഫിന്റെ നയത്തിന് വിപരീതമായി ലീഗിലെ യു എ ലത്തീഫ് പ്രസംഗിച്ചത് സഭയിൽ ഒച്ചപ്പാടിനിടയാക്കി.