ന്യൂഡൽഹി
യുപി ലഖിംപുർ ഖേരിയിൽ കർഷകരെ കാർകയറ്റി കൊന്നതിനെതിരായ പ്രതിഷേധത്തിനിടെ അഖിലേന്ത്യ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദിന് ഡൽഹി പൊലീസിന്റെ ക്രൂരമർദനം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കൃഷ്ണപ്രസാദിനെ പൊലീസ് വാഹനത്തിലേക്ക് വലിച്ചിഴച്ചു മർദിക്കുകയായിരുന്നു. വയറ്റിൽ പലതവണ ബലമായി ഇടിച്ചു. ഡൽഹി യുപി ഭവനുമുന്നിലായിരുന്നു അതിക്രമം.
സംസാരിക്കാൻ അനുവദിക്കാതെ പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ബലമായി പിടിച്ചുകൊണ്ടുപോയി. ജനാധിപത്യസ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച കൃഷ്ണപ്രസാദ് പൊലീസിന്റെ നിലപാട് ഗുണ്ടായിസമാണെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് കൂടുതൽ പൊലീസുകാരെത്തി അദ്ദേഹത്തെ വലിച്ചിഴച്ച് മർദിച്ചത്.
അവിടെയുണ്ടായിരുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ ഡൽഹി സംസ്ഥാന സെക്രട്ടറി ആശ ശർമ അടക്കമുള്ളവർക്കും ക്രൂര മർദനമേറ്റു. ആശ ശർമയെയും റോഡിൽ വലിച്ചിഴച്ചു. അറസ്റ്റുചെയ്ത നേതാക്കളെയും പ്രവർത്തകരെയും മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.