തിരുവനന്തപുരം
സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ ഒന്നുമുതൽ ഏഴുവരെ ക്ലാസിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിമാത്രം. എട്ടുമുതൽ 12 വരെ ബെഞ്ചിൽ രണ്ട് കുട്ടികളെയിരുത്താം. പൊതുവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ തയ്യാറാക്കിയ കരട് മാർഗരേഖയിലാണ് നിർദേശം. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നൽകും. എൽപിയിൽ ഒരു ക്ലാസിൽ ഒരേ സമയം 10 കുട്ടികൾമാത്രം. യുപി മുതൽ 20 കുട്ടികൾവരെ. കുട്ടികളുടെ എണ്ണമനുസരിച്ച് പ്രധാനാധ്യാപകർക്ക് ബാച്ചുകളായി ക്രമീകരിക്കാം. രാവിലെ 10 മുതൽ ഒന്നുവരെയേ ക്ലാസുകൾ പാടുള്ളൂ.
കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കയും ആരോഗ്യവകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങളും പരിഗണിച്ചാണ് നിയന്ത്രണം.
കുട്ടികൾ കൂട്ടംകൂടി ക്ലാസുകളിലിരിക്കുന്നത് ഒഴിവാക്കും. ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ ഉച്ചഭക്ഷണമുണ്ടാകില്ല. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഒരുമിച്ച് ഇടവേള അനുവദിക്കാത്ത വിധത്തിലാകും ടൈംടേബിൾ.