ദുബായ്: ഇംഗ്ലണ്ട് പരമ്പര 2-1ന് ഞങ്ങൾ വിജയിച്ചു എന്നാണ് മാനസിലെന്ന് രോഹിത് ശർമ്മ. ടീമിൽ കോവിഡ് സ്ഥിരീകരിച്ച കാരണം നിർത്തിവെച്ച പരമ്പരയുടെ അവസ്ഥയെ കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് ഇന്ത്യയുടെ പരിമിത ഓവർ മത്സരങ്ങളുടെ വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് പറഞ്ഞു.
ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി, ജൂനിയർ ഫിസിയോ യോഗേഷ് പർമാർ ഉൾപ്പടെയുള്ള സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റ് ഉപേക്ഷിച്ചത്.
2022 ജൂലൈയിൽ അഞ്ചാം ടെസ്റ്റ് കളിക്കാൻ ബിസിസിഐ സമ്മതിച്ചിട്ടുണ്ട്. ഇത് ഈ വർഷത്തെ പരമ്പരയുടെ ഭാഗമായിരിക്കുമെന്നും ഇംഗ്ലണ്ട് ആഗ്രഹിക്കുന്ന പോലെ ഒരു മത്സരമായിട്ട് അല്ലെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.
“അവസാന ടെസ്റ്റ് മത്സരം സംബന്ധിച്ച് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. ഞങ്ങൾ അടുത്ത വർഷം ഒരു ടെസ്റ്റായി കളിക്കുകയാണെങ്കിലും എന്റെ മനസ്സിൽ ഞങ്ങൾ പരമ്പര 2-1 നേടി,” ടോക്കിയോ ഒളിമ്പിക് മെഡൽ ജേതാക്കളായ മീരാഭായ് ചാനു, ബോക്സർ ലോവ്ലിന ബോർഗോഹെയ്ൻ തുടങ്ങിയവർ പങ്കെടുത്ത അഡിഡാസിന്റെ ‘ഇംപോസിബിൾ ഈസ് നോതിംഗ്’ എന്ന പരിപാടിയിൽ രോഹിത് പറഞ്ഞു.
പരമ്പരയിൽ ഒരു സെഞ്ചുറിയും രണ്ട് അർദ്ധ സെഞ്ചുറിയും ഉൾപ്പടെ 400 റൺസ് നേടിയത് ഒരു നാഴികക്കല്ലായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന്, തന്റെ കരിയറിൽ താൻ എവിടെയാണ് നില്കുന്നത് എന്ന് പരിഗണിക്കുമ്പോൾ മികച്ച ഒന്നായിരുന്നു എന്നാണ് രോഹിത് മറുപടി നൽകിയത്. എന്നാൽ ഇത് തന്റെ സീരീസ് ആയിരുന്നു എന്ന് പറയാൻ രോഹിത് മടിച്ചു.
“ഇത് എന്റെ മികച്ച പരമ്പരയല്ല. എന്റെ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുനുള്ളു എന്ന് എനിക്ക് തോന്നുന്നു. സതാംപ്ടണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പുള്ള സമയം ഞാൻ നന്നായി ഉപയോഗിച്ചു. ഞാൻ വളരെ സന്തുഷ്ടനായിരുന്നു, അത് കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു.” രോഹിത് പറഞ്ഞു.
Also Read: ധോണി ‘കിങ് കോങ്’, നായകന്മാരിലെ രാജാവ്: ശാസ്ത്രി
The post എന്റെ മനസ്സിൽ ഞങ്ങൾ ഇംഗ്ലണ്ട് പരമ്പര 2-1ന് ജയിച്ചു: രോഹിത് ശർമ്മ appeared first on Indian Express Malayalam.