തിങ്കളാഴ്ച നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് സമനില. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.മത്സരത്തിന്റെ ഇരുപത്തിയാറാം മിനുറ്റിൽ കാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളിലൂടെ ഇന്ത്യയാണ് ആദ്യ ലീഡ് നേടിയത്. ഛേത്രിയുടെ എഴുപത്താറാമത്തെ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
37 വയസ്സുകാരനായ ഛേത്രി, ഇന്ത്യക്കായി തന്റെ നൂറ്റി ഇരുപത്തി ഒന്നാം മത്സരമാണ് കളിച്ചത്. ഒരു ഗോൾ കൂടി നേടിയിരുന്നെങ്കിൽ ഗോളുകളുടെ എണ്ണത്തിൽ ഛേത്രി ബ്രസീലിയൻ ഇതിഹാസ താരം പെലെയ്ക്കൊപ്പം എത്തുമായിരുന്നു. പെലെ ബ്രസീലിനുവേണ്ടി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകളാണ് നേടിയിരിക്കുന്നത്.
നിലവിൽ വിരമിക്കാത്ത ഫുട്ബോൾ താരങ്ങളിൽ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ നാലാം സ്ഥാനമാണ് ഛേത്രിക്ക്. ക്രിസ്റ്റ്യാനോ റൊണാൾഡോ (111), ലയണൽ മെസി (79), ഇറാഖിലെ അലി മാബ്ഖൗട്ട് (77) എന്നിവരെ പിന്തള്ളിയാണ് ഇപ്പോൾ സജീവമായ ഫുട്ബോളർമാരുടെ പട്ടികയിൽ ഛേത്രിക്ക് മുന്നിലുള്ളത്.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ ഇന്ത്യക്ക് മെച്ചപ്പെട്ട കളി പുറത്തെടുക്കാനായി. പലപ്പോഴും പന്തടക്കാൻ കഴിഞ്ഞില്ലെങ്കിലും മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോകാൻ കഴിഞ്ഞു.
ആദ്യ ഗോൾ നേടിയ ശേഷം ലീഡ് ഉയർത്താൻ കഴിയാതിരുന്ന ഇന്ത്യ രണ്ടാം പകുതിയിൽ ഗോൾ വഴങ്ങുകയും ചെയ്തു. 54 -ാം മിനിറ്റിൽ ബംഗ്ലാദേശ് താരം ബിശ്വനാഥ് ഘോഷ് ലിസ്റ്റൺ കൊളാക്കോയെ ഫൗൾ ചെയ്തതിന് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് ശേഷവും ഇന്ത്യക്ക് സാഹചര്യം ഉപയോഗിക്കാനായില്ല.
74-ാം മിനിറ്റിലാണ് ബംഗ്ലാദേശിന്റെ സമനില ഗോൾ . റാക്കിബ് ഹുസൈന്റെ പാസില്‍ നിന്ന് യസിന്‍ അറഫാത്താണ് ബംഗ്ലാദേശിന്റെ സമനില ഗോള്‍ നേടിയത്.
കൊൽക്കത്തയിൽ നടന്ന 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ആദ്യ പാദ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് സമനില വഴങ്ങിയിരുന്നു.
സാഫ് ചാമ്പ്യൻഷിപ്പിൽ വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും.
The post സാഫ് ചാമ്പ്യൻഷിപ്പ്: ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നിരാശ; ബംഗ്ലാദേശിനെതിരെ സമനില appeared first on Indian Express Malayalam.