പ്രൈമറി ക്ലാസുകളിൽ പരമാവധി പത്ത് കുട്ടികളും ഹൈസ്കൂൾ, ഹയർസെക്കന്ററി ക്ലാസുകളിൽ 20 കുട്ടികളേയും ഇരുത്താം. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ. ആദ്യഘട്ടത്തിൽ ഉച്ചഭക്ഷണ വിതരണം ഉണ്ടായിരിക്കില്ല. അന്തിമ മാർഗരേഖ നാളെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
യൂണിഫോമും ഹാജരും നിർബന്ധമല്ല. ആരോഗ്യ പ്രശ്നമുള്ള കുട്ടികൾ സ്കൂളിൽ എത്തേണ്ടതില്ല. അധ്യാപകരും രക്ഷിതാക്കളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചെന്ന് ഉറപ്പാക്കണം. സ്കൂൾ തുറക്കുന്നതിനു മുമ്പ് രക്ഷിതാക്കളുടേയും സ്റ്റാഫ് അംഗങ്ങളുടേയും പ്രാദേശിക ജനപ്രതിനിധികളുടേയും യോഗം വിളിക്കണം. ഒക്ടോബർ 20 മുതൽ 30 വരെ സ്കൂളുകളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം നടത്തും. നവംബർ ഒന്നിനാണ് സ്കൂൾ തുറക്കുക.
കുട്ടികളുടെ എണ്ണം പരമാവധി കുറച്ച് കൊവിഡ് വ്യാപനം കുറയ്ക്കാനാണ് ശ്രമം. എല്ലാ ക്ലാസുകൾക്കും ഒരുമിച്ച് ഇടവേള നൽകില്ല. സ്കൂളുകളിൽ ആരോഗ്യ മോണിറ്ററിങ് സമിതി നിലവിൽ വരും. ഡോക്ടറുടെ സേവനം ഉറപ്പു വരുത്തും.
അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരെ സ്കൂളുകളിലും യാത്രാ വേളയിലും പുലർത്തേണ്ട മുൻകരുതലുകളെക്കുറിച്ച് ബോധവത്കരിക്കും. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലുകൾ തുറക്കും. എല്ലാ ദിവസവും അണുനശീകരണം ഉറപ്പാക്കണം. അക്കാദമിക മൊഡ്യൂൾ ഉണ്ടാക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. ആരോഗ്യ-വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിമാർ തയ്യാറാക്കിയ മാർഗരേഖ മുഖ്യമന്ത്രിയുടെ അഭിപ്രായം കണക്കിലെടുത്താകും നടപ്പാക്കുക.