കോഴിക്കോട്: ഉത്തർപ്രദേശിലെ ലഖിംപുർ ഖേഡിയിൽ കാറുകൾ ഇടിച്ചുകയറ്റി കർഷകർ മരിക്കാനിടയായ സംഭവം അത്യന്തം അപലപനീയമാണെന്ന്ലോക്താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പി. സമാധാനപരമായി സമരം ചെയ്തവർക്ക് നേരെ കാർ ഓടിച്ചു കയറ്റുകയായിരുന്നുവെന്ന വാർത്ത സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ ഒരു വാഹനം ഓടിച്ചിരുന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്രയുടെ മകനാണെന്ന ആരോപണം അത്യന്തം ഗൗരവമേറിയതാണ്. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കർഷകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെയാണ് സംഭവമെന്നത് ആരോപണത്തിന്റെ ശക്തി കൂട്ടുന്നു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായുള്ള കർഷക സമരത്തെ അടിച്ചൊതുക്കാൻ ക്രേന്ദ്രസർക്കാരും ബി.ജെ.പി.യും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ തുടർച്ചയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മരിച്ച കർഷകർക്ക് എൽ.ജെ.ഡി. ആദരാഞ്ജലിയർപ്പിക്കുന്നു. സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നു. സംഭവത്തിലെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷ അന്വേഷണം നടത്തണമന്നും എം.വി. ശ്രേയാംസ് കുമാർ എം.പി. ആവശ്യപ്പെട്ടു.
Content Highlights: MV Shreyams kumar MP, LJD,Lakhimpur Kheri incident