ഐപിഎൽ 14 -ാം സീസണിൽ ഏഴ് ഗ്രൂപ്പ് മത്സരങ്ങൾ കൂടിയാണ് ഇനി ശേഷിക്കുന്നത്. ഞായറാഴ്ച 49 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇതുവരെ മൂന്ന് ടീമുകളാണ് പ്ലേഓഫ് യോഗ്യത നേടിയിരിക്കുന്നത്. പോയിന്റ് പട്ടികയിൽ അവസാനക്കാരായ സൺറൈസേഴ്സ് പ്ലേഓഫ് കാണാതെ പുറത്താവുകയും ചെതിട്ടുണ്ട്. അതേസമയം, കൊൽക്കത്ത, രാജസ്ഥാൻ, മുംബൈ, പഞ്ചാബ് എന്നീ നാല് ടീമുകൾ ഇപ്പോഴും അവസാന പ്ലേഓഫ് സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ്.
പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മറ്റു ടീമുകളേക്കാൾ അതൊരു നേട്ടമാണ്. മികച്ച നെറ്റ് റൺ റേറ്റാണ് അതിനു അവരെ സഹായിച്ചത്. എന്നാൽ ആ സ്ഥാനം കൂടുതൽ സുരക്ഷിതമാക്കാൻ രാജസ്ഥാൻ റോയൽസിനെതിരെയുള്ള അവരുടെ അവസാന ഗ്രൂപ്പ് ലീഗ് മത്സരത്തിൽ ജയം അനിവാര്യമാണ്. ഓരോ ടീമിന്റെയും പ്ലേഓഫ് സാധ്യതകൾ എങ്ങനെയെന്ന് നോക്കാം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
കളിച്ച മത്സരങ്ങൾ -13, പോയിന്റുകൾ -12, റൺ റേറ്റ് – +0.29
ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടുന്ന കൊൽക്കത്തയ്ക്ക് ജയത്തോടെ ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാനാകും. റൺ റേറ്റിന്റെ കാര്യത്തിൽ ഏറെ പുറകിൽ നിൽക്കുന്ന മറ്റു ടീമുകൾക്ക് വലിയ മാർജിനിൽ ജയിച്ചാൽ മാത്രമേ കൊൽക്കത്തയെ മറികടക്കാനാകു.
അതേസമയം, കൊൽക്കത്ത അവസാന മത്സരം തോൽക്കുകയാണെങ്കിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസുമാകും അവരുടെ ശക്തരായ രണ്ടു ടീമുകൾക്കും രണ്ടു മത്സരങ്ങൾ കൂടി ശേഷിക്കുന്നുണ്ട്.
മുംബൈ ഇന്ത്യൻസ്
കളിച്ച മത്സരങ്ങൾ -12, പോയിന്റുകൾ -10, റൺ റേറ്റ് – -0.45
നിലവിലെ ചാമ്പ്യന്മാരയ മുംബൈ ഇന്ത്യൻസിന് ഈ സീസൺ അത്ര മികച്ചതായിരുന്നില്ല. പോയിന്റ് പട്ടികയിൽ മുകളിൽ എത്താൻ വലിയ രീതിയിൽ അവർ പാടുപെട്ടു. രാജസ്ഥാൻ റോയൽസിനും സൺ റൈസേഴ്സ് ഹൈദരാബാദിനും എതിരെയാണ് മുംബൈയുടെ ശേഷിക്കുന്ന മത്സരങ്ങൾ. അതുകൊണ്ട് തന്നെ രാജസ്ഥാനെതിരെ മികച്ച പോരാട്ടം പ്രതീക്ഷിക്കാം. ജയിക്കുന്ന ടീമിനായിരിക്കും പ്ലേഓഫ് സാധ്യത.
എന്നാൽ, മറ്റു ടീമുകളെ അപേക്ഷിച്ചു ഏറ്റവും മോശം റൺ റേറ്റാണ് മുംബൈക്ക്. അതുകൊണ്ട് തന്നെ അടുത്ത രണ്ടു മത്സരങ്ങൾ ജയിക്കുകയും കൊൽക്കത്ത അവരുടെ അവസാന മത്സരത്തിൽ തോൽക്കുകയും ചെയ്താലാണ് മുംബൈക്ക് പ്ലേഓഫിലേക്ക് എത്താൻ കഴിയുക.
രാജസ്ഥാൻ റോയൽസ്
കളിച്ച മത്സരങ്ങൾ- 12, പോയിന്റുകൾ – 10, റൺ റേറ്റ് – -0.33
രാജസ്ഥാന്റെ ഭാവി അവരുടെ കൈകളിൽ തന്നെയാണ്. അവസാന രണ്ടു മത്സരങ്ങളിൽ മുംബൈയെയും കൊൽക്കത്തയെയും തോൽപിക്കാൻ സാധിച്ചാൽ അവർക്ക് 14 പോയിന്റുകൾ ആകും. നേരെ പ്ലേഓഫിലേക്കും കടക്കാം. അതേസമയം, ഒരു മത്സരം തോറ്റാൽ സാധ്യത വളരെയധികം കുറയും. നാല് ടീമുകളും 12 പോയിന്റുകൾ വീതം നേടുകയാണെങ്കിൽ പോലും രാജസ്ഥാന്റെ നെറ്റ് റൺ റേറ്റ് പ്ലേഓഫ് ഉറപ്പിക്കാൻ സഹായകമാകും എന്ന് തോന്നുന്നില്ല.
പഞ്ചാബ് കിങ്സ്
കളിച്ച മത്സരങ്ങൾ -13, പോയിന്റുകൾ -10, റൺ റേറ്റ് – -0.24
പ്ലേഓഫിൽ കടക്കാൻ പഞ്ചാബ് അത്ഭുതങ്ങൾ സൃഷ്ടിക്കേണ്ടി വരും, അവർക്ക് അത് സാധ്യമാകുമെന്ന് തോന്നുന്നു. ചെന്നൈക്ക് എതിരായ അവസാന മത്സരത്തിൽ 70 റൺസിന് ജയിക്കുകയും. കൊൽക്കത്ത അതെ മാർജിനിൽ രാജസ്ഥനോട് തോൽക്കുകയും വേണം. അങ്ങനെയെങ്കിൽ പ്ലേഓഫിൽ കടക്കാം. ഒപ്പം മറ്റൊരു ടീമും 14 പോയിന്റുകൾ നേടുകയും ചെയ്യരുത്.
Also Read: ധോണി ‘കിങ് കോങ്’, നായകന്മാരിലെ രാജാവ്: ശാസ്ത്രി
നിലവിൽ ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് പ്ലേഓഫ് ഉറപ്പിച്ചിരിക്കുന്നത്.
ചെന്നൈ സൂപ്പർ കിങ്സ്
കളിച്ച മത്സരങ്ങൾ – 12, പോയിന്റുകൾ – 18, റൺ റേറ്റ് – +0.82
ഏറ്റവും മികച്ച റൺ റേറ്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ചെന്നൈക്ക് രണ്ട് മത്സരങ്ങൾ കൂടി ജയിച്ചാൽ സുരക്ഷിതമായി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി ഒന്നാം ക്വാളിഫയർ കളിക്കാം. ചെന്നൈയുടെ അടുത്ത രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ ഡൽഹി ക്യാപിറ്റൽസിനും പഞ്ചാബ് കിങ്സിനും എതിരെയാണ്, രണ്ടും തോറ്റാലും, റൺ-റേറ്റിന്റെ അടിസ്ഥാനത്തിൽ ചെന്നൈക്ക ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരാനാകും.
ഡൽഹി ക്യാപിറ്റൽസ്
കളിച്ച മത്സരങ്ങൾ – 12, പോയിന്റുകൾ – 18, റൺ റേറ്റ് – +0.55
ഡൽഹിയും യോഗ്യത നേടിയവരാണ്, കൂടാതെ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടാൻ ശ്രമിക്കുന്ന ടീമുമാണ്. ചെന്നൈക്കും ബാംഗ്ലൂരിനും എതിരെയാണ് ഡൽഹിയുടെ അടുത്ത രണ്ട് മത്സരങ്ങൾ, രണ്ട് പോയിന്റുകൾ കൂടി നേടാനായാൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഡൽഹിക്ക് ഉറപ്പിക്കാനാകും.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
കളിച്ച മത്സരങ്ങൾ -12, പോയിന്റുകൾ -16, റൺ റേറ്റ് –0.15
മൂന്നാമതായി യോഗ്യത നേടിയ ബാംഗ്ലൂരിന് ആദ്യ രണ്ടിൽ എത്താൻ, സൺറൈസേഴ്സ് ഹൈദരാബാദിനും ഡൽഹിക്കും എതിരെയുള്ള അവരുടെ ശേഷിക്കുന്ന രണ്ട് ഗ്രൂപ്പ് മത്സരങ്ങളും ജയിക്കണം. എന്നാൽ, താരതമ്യേന മോശം നെറ്റ് റൺ റേറ്റായ കാരണം, ചെന്നൈയോ ഡൽഹിയോ അവരുടെ ശേഷിക്കുന്ന രണ്ട് ഗ്രൂപ്പ് മത്സരങ്ങളും തോറ്റില്ലെങ്കിൽ, 20 പോയിന്റിലെത്തിയാലും ബാംഗ്ലൂർ മൂന്നാമതാകാൻ തന്നെയാണ് സാധ്യത.
സൺറൈസേഴ്സ് ഹൈദരാബാദ്
കളിച്ച മത്സരങ്ങൾ -12, പോയിന്റുകൾ -4, റൺ റേറ്റ് – -0.47
സൺറൈസേഴ്സിന്റെ പ്രതീക്ഷകൾ എല്ലാം നേരത്തെ അസ്തമിച്ചതാണ്. ഇനി ബാഗ്ലൂരിനും മുംബൈക്കും എതിരെയാണ് ശേഷിക്കുന്ന മത്സരങ്ങൾ.
The post IPL 2021: പ്ലേഓഫിലേക്ക് ഇനി ആര്?; സാധ്യതകൾ ഇങ്ങനെ appeared first on Indian Express Malayalam.