തിരുവനന്തപുരം: നവംബർ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കരട് മാർഗരേഖ തയ്യാറായി. ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി തയ്യാറാക്കിയ കരട് മാർഗരേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. പരമാവധി കുട്ടികളുടെ എണ്ണം കുറയ്ക്കണമെന്നാണ് 20 പേജുള്ള കരട് മാർഗരേഖയിൽ പറയുന്നത്.
എൽ.പി, യു.പി ക്ലാസുകളിൽ മൂന്നിലൊന്ന് വിദ്യാർഥികളെ മാത്രം പ്രവേശിപ്പിച്ചാൽ മതി. പ്രൈമറി ക്ലാസുകളിൽ പരമാവധി പത്ത് കുട്ടികളേയും ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ 20 കുട്ടികളെ വീതവും ഇരുത്തും. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ. ആദ്യഘട്ടത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ടെന്നും തീരുമാനമായി.
ക്ലാസുകൾ തമ്മിലുള്ള ഇടവേളകളും വ്യത്യസ്ത സമയത്തായിരിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. കുട്ടികൾ ഒരേ സമയം കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം. സ്കൂളുകളുടെ ഭൗതിക സാഹചര്യം കണക്കിലെടുത്ത് വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റം വരുത്താം. സ്കൂളുകൾ വലുതാണെങ്കിൽ കൂടുതൽ കുട്ടികളെ ഇരുത്താം.
സ്കൂളുകളിൽ ഹെൽത് മോണിറ്ററിങ് കമ്മിറ്റികൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഈ മാസം പത്തിന് മുൻപ് കരട് മാർഗരേഖ സമർപ്പിക്കുമെന്ന് വിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. മാർഗരേഖ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് വിവരം.
Content Highlights: guidelines for school reopening submitted to Cm