ന്യൂഡല്ഹി > ഉത്തരേന്ത്യയിലാകെ ബിജെപിക്ക് എതിരെ കര്ഷകരോഷം തിളച്ചുപൊന്തി. ഉത്തര്പ്രദേശിലും ഹരിയാനയിലും കര്ഷകര് വ്യാപകമായി ബിജെപി നേതാക്കളേയും ജനപ്രതിനിധികളേയും തടയുന്നു.
കര്ഷകപ്രതിഷേധത്തില് പകച്ച ബിജെപി നേതൃത്വം കൈവിട്ടകളിക്ക് നീങ്ങിയതാണ് ലഖിംപൂരിൽ കണ്ടത്.
കഴിഞ്ഞദിവസം ഹരിയാനയിലെ ഝാജറില് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പങ്കെടുക്കേണ്ട ചടങ്ങ് നടക്കുന്ന വേദി കരിങ്കൊടികളുമായി അഞ്ഞൂറിലേറെ കര്ഷകര് വളഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്ന കര്ഷകരെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തിന്റെ ഗിതി തിരിച്ചുവിടാനാണ് ബിജെപി നേതാക്കള് ശ്രമിക്കുന്നത്.
സിറ്റിങ് ജഡ്ജി അന്വേഷിക്കണം
യുപിയില് കര്ഷകരെ വാഹനമിടിച്ചുകൊന്നതില് പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനംചെയ്ത് സംയുക്ത കിസാന് മോര്ച്ച (എസ് കെഎം). തിങ്കളാഴ്ച കര്ഷകര് രാജ്യവ്യാപകമായി ജില്ലാഅധികൃതരുടെ ആസ്ഥാനത്ത് പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് എസ്കെഎം നേതാക്കളായ യോഗേന്ദ്രയാദവും ദര്ശന് പാല് സിങ്ങും അറിയിച്ചു.
കര്ഷകര് കളക്ടറേറ്റുകള് വളയും.സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി സംഭവത്തില് അന്വേഷണം നടത്തണം. യുപി അധികൃതരുടെ അന്വേഷണത്തില് വിശ്വാസമില്ല. കേന്ദ്രസഹമന്ത്രി അജയ്കുമാര് മിശ്രയുടെ മകന് സഞ്ചരിച്ച വാഹനമാണ് കര്ഷകരുടെ നേര്ക്ക് ഇരച്ചുകയറ്റിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി രാജിവയ്ക്കണം. മന്ത്രിപുത്രനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും എസ്കെഎം ആവശ്യപ്പെട്ടു.
കേന്ദ്ര മന്ത്രിയെ പുറത്താക്കണം
ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയെ ഉടൻ പുറത്താക്കണമെന്ന് അഖിലേന്ത്യാ കിസാൻസഭ ആവശ്യപ്പെട്ടു. ക്രിമിനലുകളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം, കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം. കർഷകർക്ക് നേരെയുള്ള അതിക്രമത്തിന് ബിജെപി വില കൊടുക്കേണ്ടി വരുമെന്നും കിസാൻസഭ പറഞ്ഞു.