തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയ്ക്കെതിരെ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുന്നതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കർശന നിർദേശങ്ങൾ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് നിയന്ത്രണങ്ങളിലെ പരിശോധന മുതൽ മോൻസൺ വിഷയത്തിൽ വരെ ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. സംസ്ഥാന പോലീസ് ആസ്ഥാനത്തായിരുന്നു യോഗം.
എസ്.എച്ച്.ഒ മുതൽ ഡി.ജി.പി റാങ്കിൽ വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന സേന എന്ന നിലയിൽ പെരുമാറ്റത്തിൽ ജാഗ്രത പുലർത്തണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പോലീസുകാർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്ന പരിപാടികളിൽ ജാഗ്രത പുലർത്തണം. അനാവശ്യ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ പോലീസ് നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
കോവിഡ് ലോക്ഡൗൺ കാലത്തെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ആറ്റിങ്ങലിൽ മത്സ്യവിൽപ്പന നടത്തിയ സ്ത്രീയോട് മോശമായി പെരുമാറിയതും, കൊല്ലത്ത് യുവതിയുമായി പോലീസുകാരൻ വാക്കേറ്റത്തിലേർപ്പടുന്ന ദൃശ്യങ്ങൾ പ്രചരിച്ചതും പോലുള്ള വിഷയങ്ങളിൽ ശ്രദ്ധ വേണം. പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ ശ്രദ്ധിക്കണം.
സ്ത്രീ പീഡനം സംബന്ധിച്ച് ലഭിക്കുന്ന പരാതികളിൽ ഒരു വീഴ്ചയും പാടില്ല. കേസ് അന്വേഷണത്തിൽ കാലതാമസമുണ്ടായെന്ന പരാതിക്ക് ഇടവരുത്തരുത്. ഇരയെ പൂർണമായും പിന്തുണയ്ക്കുന്ന നടപടിയാകണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇത്തരം പരാതികളിലെ അന്വേഷണ പുരോഗതി ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ വിലയിരുത്തണം. ഒരു വിട്ടുവീഴ്ചയും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കേരള പോലീസ് ആസ്ഥാനത്ത് എത്തുന്നത്. പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റ ശേഷവും ആദ്യമായിട്ടാണ് മുഖ്യമന്ത്രിഇവിടെ എത്തുന്നത്.
Content Highlights: CM gives strict instructions to Kerala Police