പാട്ന > ജിതിയ വ്രത ദിവസം ആൺകുട്ടികൾ പാർലെ ജി ബിസ്കറ്റ് കഴിച്ചില്ലെങ്കില്‍ ജിവിതത്തിൽ ദുരന്തങ്ങൾ നേരിടേണ്ടിവരുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ കിംവദന്തി. ഇതോടെ ബിഹാറിൽ കടകൾക്ക് മുന്നിൽ ബിസ്കറ്റിനായി ജനം തിക്കിത്തിരക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബീഹാറിലെ സിതാമാർഹി ജില്ലയിലാണ് സംഭവം. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മൈഥിലി, മഗധി, ഭോജ്പുരി ഭാഷകള്‍ സംസാരിക്കുന്നവർക്കിടയിലുള്ള ആഘോഷമാണ് ജിതിയ. മൂന്നു ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ. ഇതിന്റെ ഭാഗമായി മക്കളുടെ ഐശ്വരത്തിനായാണ് അമ്മമാർ ഒരു ദിവസത്തെ വ്രതം അനുഷ്ഠിക്കാറുണ്ട്. ഈ ആഘോഷങ്ങൾക്ക് ഇടയിലാണ് ബിസ്കറ്റുമായി ബന്ധപ്പെട്ട കിംവദന്തി പ്രചരിച്ചത്. ഇതോടെ സിതാമാർഹി ജില്ലയിലെ ബൈര്‍ഗാനിയ, ധൈന്‍ഗ്, നാന്‍പുര്‍, ദുമ്ര, ബജ്പട്ടി മേഖലകളിൽ ബിസ്കറ്റിനായി ജനം പരക്കംപാച്ചില്‍ ആരംഭിച്ചു.
കടകൾക്കും സൂപ്പർ മാർക്കറ്റുകൾക്ക് മുന്നിലും വലിയ ക്യൂ പ്രത്യക്ഷപ്പെട്ടതോടെ വിൽപനക്കാർ ആദ്യമൊന്നു പകച്ചു. ആവശ്യക്കാർ ഏറിയതോടെ ബിസ്കറ്റ് വിൽപന കരിച്ചന്തയിലും ആരംഭിച്ചു. അഞ്ചു രൂപയുടെ ബിസ്കറ്റ് 50 രൂപവരെ വിലവാങ്ങിയതായാണ് വിവരം.