ഹരിപ്പാട് >കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ലെന്നും ആ ലക്ഷ്യം നേടാന്‍ തെരഞ്ഞെടുപ്പില്‍ ഇനിയും മത്സരിക്കുമെന്നും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് താജുല്‍ ഉലമ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഞായറാഴ്ച സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നതിയിലെത്താന്‍ വിദ്യാര്‍ഥികള്‍ ഓരോരുത്തരും സ്വപ്നം കാണണമെന്ന് ഉപദേശിച്ച് ശേഷമാണ് മുഖ്യമന്ത്രി മോഹത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ‘മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചയാളാണ് ഞാന്‍. ആയില്ല. എന്നുവെച്ച് ഞാന്‍ ഈ പരിപാടി നിര്‍ത്തിയോ. ഞാന്‍ നിര്‍ത്തുന്നില്ല. തുടരുകയാണ്. അവസാനം വരെ പോരാടും. ഒരു ദിവസം ഞാന്‍ ആ ലക്ഷ്യം നേടുമെന്നുള്ളതാണ് എന്റെ നിശ്ചയദാര്‍ഢ്യം. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ട് ഇത് അവസാനിപ്പിക്കുമോ; ഇല്ല. അതിനാല്‍ എല്ലാവരും സ്വപ്നം കാണണം’– ചെന്നിത്തല പറഞ്ഞു.
ട്രസ്റ്റ് ചെയര്മാന് യു എം ഹനീഫ മുസലിയാര്‍ അധ്യക്ഷനായി. അവാര്‍ഡ് വിതരണച്ചടങ്ങില്‍ എ എം ആരിഫ് എംപിയും പങ്കെടുത്തു.