കോട്ടയം > പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ അഭിഷേക് ബൈജുവിനെ തെളിവെടുപ്പിന് കോളേജിലെത്തിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയും തലയോലപ്പറമ്പ് കുറുപ്പുന്തറ സ്വദേശിനിയുമായ നിതിനാമോളാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ അഭിഷേകിനെ കോളജ് പരിസരത്ത് എത്തിച്ച് കൃത്യം നടത്തിയ സ്ഥലത്ത് വിശദമായ തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. കൊലപാതകം നടത്തിയ രീതി അഭിഷേക് യാതൊരു കൂസലുമില്ലാതെ പൊലീസിന് കാട്ടിക്കൊടുത്തു. നിതിനയെ കൊലപ്പെടുത്തിയതിന് ശേഷം പോയി ഇരുന്ന സ്ഥലങ്ങളും അഭിഷേക് പൊലീസിനോട് വിശദീകരിച്ചു.
പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് അഭിഷേക് പൊലീസിനോട് പറഞ്ഞു. ആസൂത്രിതമായി നടത്തിയ കൊലപാതകം തന്നെയാണെന്നാണ് നിലവിലെ നിഗമനം. കൊല്ലാന്‍ ഉപയോഗിച്ച കത്തി കഴിഞ്ഞ ആഴ്ച കൂത്താട്ടുകുളത്തുനിന്ന് വാങ്ങിയതാണ്. പെണ്‍കുട്ടിയുടെയും അമ്മയുടെയും ഫോണിലേക്ക് അഭിഷേക് ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഈ തെളിവുകളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇതിനിടെ നിതിനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.