ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മെഗാ താര ലേലം നടക്കാനിരിക്കെ യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസാന അവസരമാണ് നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്‍. ഇപ്പോള്‍ തന്നെ പ്രാഞ്ചെയ്സികള് താരങ്ങളെ നോട്ടമിട്ടിട്ടുണ്ടാകണം. 2022 ലേലത്തോടുകൂടി ടീമുകളെല്ലാം അടിമുടി മാറും. ലേലത്തിന് മുന്‍പ് രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്താനാണ് ടീമുകള്‍ക്ക് അനുവാദമുള്ളു.
നടപ്പ് സീസണ് അന്തിമ ഘടത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ യുവതാരങ്ങളെല്ലാം അവസരത്തിനൊത്ത് ഉയരുന്നതാണ് കാണാന്‍ കഴിയുന്നത്. മലയാളി താരം കൂടിയായ സഞ്ജു സാംസണ് മിന്നും ഫോമിലാണ്. സഞ്ജുവിന് പുറമെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ റുതുരാജ് ഗെയ്ക്വാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേല്‍, പഞ്ചാബ് കിങ്സ് താരങ്ങളായ അര്‍ഷദീപ് സിങ്ങും, രവി ബിഷ്ണോയിയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറുടെ വിലയിരുത്തല്‍ പ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓള് റൗണ്ടര്‍ വെങ്കടേഷ് അയ്യരായിരിക്കും ലേലത്തിലെ ശ്രദ്ധാ കേന്ദ്രം. നിലവിലെ ഫോമും ഐപിഎല്ലിന് പുറത്തെ പ്രകടനവുമെല്ലാം താരത്തിന് തുണയാകുമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. അയ്യരിനായി ലേലത്തില്‍ വലിയ പോരാട്ടം തന്നെ ഉണ്ടായേക്കുമെന്നാണ് മഞ്ജരേക്കറുടെ പ്രവചനം.
“യാദൃശ്ചികമായി സംഭവിക്കുന്ന പ്രകടനമല്ല അയ്യരുടേത്. 12 മുതല്‍ 14 കോടി രൂപ വരെ ലഭിച്ചേക്കാം. ഫസ്റ്റ് ക്ലാസിലേയും ലിസ്റ്റ് എ കരിയറിലേയും പ്രകടനത്തെ ഞാന്‍ വിലയിരുത്തി. ശരാശരി 47 റണ്‍സും പ്രഹരശേഷി 92 ഉം. ഐപിഎല്ലിലെ അയ്യരുടെ പ്രഹരശേഷി വളരെ കൂടുതലാണ്. നന്നായി ബാറ്റ് ചെയ്യാനറിയാവുന്ന താരമാണ്. ബോള്‍ ചെയ്യാനും കെല്‍പ്പുണ്ട്. വലിയ തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കാനാണ് സാധ്യത,” മഞ്ജരേക്കര്‍ ഇഎസ്പിന് ക്രിക്ഇന്‍ഫോയോട് പറഞ്ഞു.
Also Read: അയാളെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്തിനെന്ന് വിശദീകരിക്കണം; വിമര്‍ശനവുമായി സേവാഗ്
The post ഐപിഎല്‍ മെഗാ താര ലേലത്തില്‍ 14 കോടി രൂപ വരെ ഈ യുവതാരത്തിന് ലഭിക്കും: മഞ്ജരേക്കര്‍ appeared first on Indian Express Malayalam.