തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഏത് ഏജൻസി വന്നും കേസ്അന്വേഷിക്കട്ടെ. വസ്തുനിഷ്ഠമായകാര്യങ്ങൾ സമൂഹത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് തന്റേയും കൂടി ആവശ്യമാണെന്നും സുധാകരൻ പറഞ്ഞു.സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിൽ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരുപാടുകാലം അംഗരക്ഷകരുടെ സംരക്ഷണത്തിൽ ജീവിച്ചയാളാണ് താൻ. ജീവിതത്തിൽ നിന്ന് തന്നെ തുടച്ചുനീക്കാൻ ശ്രമിച്ച ഒരുപാർട്ടി അതു നടക്കില്ലെന്ന് കണ്ടപ്പോൾ കേസുകളിൽപ്പെടുത്തി രാഷ്ട്രീയ പ്രവർത്തനത്തിന് തടസമുണ്ടാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. സംശുദ്ധമായ പൊതു പ്രവർത്തനമാണ് തന്റേതെന്നും സുധാകരൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഇത്തരം കേസുകളൊന്നും അന്വേഷിക്കില്ല. പരാതിക്കാരനായ പ്രശാന്ത് ബാബു എന്തും വിളിച്ചുപറയും. താത്കാലിക ഡ്രൈവറുടെ ജോലിക്ക് കുറച്ചുദിവസങ്ങൾ മാത്രമാണ് പ്രശാന്ത് തനിക്കൊപ്പമുണ്ടായിരുന്നത്. അദ്ദേഹം എന്ത് തെളിവാണ് വിജിലൻസിന് മുന്നിൽ ഹാജരാക്കുന്നതെന്ന് തനിക്ക് അറിയാമെന്നും സുധാകരൻ പറഞ്ഞു.
വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ സുധാകരനെതിരേ നിർണായകമായ ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ തെളിവുകൾ കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസിന്റെ നിലപാട്. സുധാകരനെതിരേ കേസെടുത്ത് അന്വേഷണം നടത്താനായി വിജിലൻസ് നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് വിവരം.
കെ കരുണാകരൻ സ്മാരക ട്രസ്റ്റ് ചിറക്കൽ രാജാസ് ഹൈസ്ക്കൂൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പിരിച്ച കോടിക്കണക്കിന് രൂപ സുധാകരൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. കണ്ണൂർ എഡ്യൂ പാർക്കിന്റെ പേരിലും സുധാകരൻ കോടികൾ സമ്പാദിച്ചുവെന്നും ആറ് കോടിയോളം ചെലവഴിച്ച് സുധാകരൻ നിർമിച്ച വീടിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
content highlights:illegal assets acquisition case, ready to face any enquiry says k sudhakaran