വൈക്കം
അമ്മ പുതിയ ജോലിയിൽ പ്രവേശിച്ച ദിവസംതന്നെ മകളുടെ കൊലപാതക വാർത്തയാണ് കളപ്പുരയ്ക്കൽ കെ എസ് ബിന്ദു അറിഞ്ഞത്. തലയോലപ്പറമ്പിലെ വീട്ടിൽനിന്ന് ഇരുവരും ഒരുമിച്ചാണ് ഇറങ്ങിയത്. മെഡിക്കൽ കോളേജിന് സമീപം വീഹാൻ സെന്ററിൽ ഫീൽഡ് വർക്ക് ജോലിയിലാണ് പ്രവേശിച്ചത്. മകൾ പതിവുപോലെ സ്കൂട്ടറിൽ കോളേജിലേക്കുമെത്തി. മണിക്കുറുകൾക്ക് ശേഷം കരഞ്ഞുകൊണ്ടുള്ള മകളുടെ വിളിയാണ് ബിന്ദു കേട്ടത്. അഭിഷേക് തന്നെ തടഞ്ഞ് നിർത്തിയിരിക്കുന്നതായാണ് നിതിന അമ്മയെ അറിയിച്ചത്. ബിന്ദു പലതവണ തിരിച്ചുവിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. സംഭവസ്ഥലത്ത് തളംകെട്ടിയ രക്തത്തിൽ കിടക്കുകയായിരുന്നു ഫോൺ.
തലചായ്ക്കാൻ സ്വന്തമായി കൂര പോലുമില്ലാതെ ഇരുവരും വൈക്കം ഉദയനാപുരം തുറുവേലിക്കുന്നിൽ ബന്ധുവീട്ടിലായിരുന്നു താമസം. തലയോലപ്പറമ്പിൽ സ്വകാര്യ ട്രസ്റ്റ് നിർമിച്ച് നൽകിയ വീട്ടിലേക്ക് അമ്മയും മകളും ഒന്നരവർഷം മുമ്പ് താമസം മാറി. 20 വർഷമായി അച്ഛൻ വീടുവിട്ട് പോയിട്ട്. പുതിയ വീട്ടിലേക്ക് മാറിയതോടെ നിതിനയും അമ്മ ബിന്ദുവും മാത്രമായിരുന്നു അവരുടെ ലോകം. മകളുടെ സ്വപ്നങ്ങൾക്കായി തയ്യൽ തൊഴിലാളിയായിരുന്ന ബിന്ദു രാപ്പകലില്ലാതെ കഷ്ടപ്പെട്ടു. പഠിച്ച് നല്ല നിലയിലെത്തി അമ്മയെ സംരക്ഷിക്കുക എന്നതായിരുന്നു നിതിനയുടെ സ്വപ്നം. പ്രദേശത്തെ സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും കോവിഡ് കാലത്ത് ഡിവൈഎഫ്ഐയുടെ സാമൂഹ്യ അടുക്കള വഴി നൂറുകണക്കിന് ആളുകൾക്ക് ഭക്ഷണം എത്തിക്കുന്നതിന് രംഗത്തുണ്ടായിരുന്നു ഉദയനാപുരം ഈസ്റ്റ് മേഖല വൈസ് പ്രസിഡന്റ് കൂടിയായ നിതിനാമോൾ.
നിതിനാമോൾ എല്ലാവരുടെയും സുഹൃത്ത്
‘ക്ലാസിൽ ഞങ്ങൾക്കെല്ലാം അവൾ സുഹൃത്തായിരുന്നു. ഒരിക്കലും ഇവർ തമ്മിൽ വഴക്കുണ്ടാകുന്നത് ഞങ്ങൾ കണ്ടിട്ടില്ല. നിതിനാമോൾക്കും അഭിഷേകിനുമൊപ്പം ഫുഡ് പ്രോസസിങ് ടെക്നോളജി കോഴ്സ് അവസാനവർഷ വിദ്യാർഥിയായ ടിബിൻ വർഗീസ് പറഞ്ഞു.
ഒന്നരവർഷമായി റെഗുലർ ക്ലാസില്ലായിരുന്നെങ്കിലും ഓൺലൈനിലൂടെ എല്ലാവരും തമ്മിൽ ബന്ധമുണ്ടായിരുന്നു. അഭിഷേകുമായി സൗഹൃദത്തിലാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ പിണക്കമുണ്ടെന്ന് അറിഞ്ഞിട്ടില്ല. 44 പേർ ക്ലാസിലുണ്ട്. ഓഡിറ്റോറിയത്തിൽ പരീക്ഷ എഴുതി അഭിഷേകും അരമണിക്കൂറിനുശേഷം നിതിനയും പുറത്തുപോയി. പരീക്ഷ കഴിഞ്ഞ് മറ്റുള്ളവരെല്ലാം പുറത്തിറങ്ങിയപ്പോൾ സംഭവസ്ഥലത്ത് രക്തം തളം കെട്ടി കിടക്കുന്നതാണ് കണ്ടതെന്നും ഞെട്ടൽ വിട്ടുമാറാതെ ടിബിൻ പറഞ്ഞു.