തിരുവനന്തപുരം
സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണ സംവിധാനമായ ‘കേരള ഗസറ്റ്’ ഇനി ഓൺലൈനിലും. സെപ്തംബർ 28ന്റെ ഗസറ്റാണ് ആദ്യമായി ഇ–-ഗസറ്റായി പ്രസിദ്ധീകരിക്കുക. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൻഐസി തയ്യാറാക്കിയ കംപോസ് (കോംപ്രഹെൻസീവ് ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ് ഓഫ് പ്രസസ് ഓവർ സെക്യൂർ എൻവയോൺമെന്റ്) പദ്ധതിയിലൂടെയാണ് ഇ–- ഗസറ്റ് ഒരുക്കുന്നത്.
പ്രസിദ്ധീകരിക്കേണ്ട വിജ്ഞാപനം വകുപ്പുകൾക്ക് കംപോസ് വെബ് സൈറ്റിൽ നേരിട്ട് നൽകാം. അനന്തരാവകാശ പരസ്യങ്ങൾ താലൂക്ക് ഓഫീസുകളിൽനിന്ന് https://compose.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകാനാകും. പേര്, ജാതി മാറ്റം തുടങ്ങിയവ പൊതുജനങ്ങൾക്ക് നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം. പ്രസിദ്ധീകരണ ഫീസും ഓൺലൈനിൽ അടയ്ക്കാം.
അച്ചടിവകുപ്പ് ഡയറക്ടറേറ്റിലും ഗവൺമെന്റ് സെൻട്രൽ പ്രസിലും ഇ- ഓഫീസ് സംവിധാനവും നിലവിൽവരും. കംപോസ് പദ്ധതി പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ ശാഖാ പ്രസുകളിലും ഇ-–- ഓഫീസ് സംവിധാനമാകുമെന്ന് ഗവൺമെന്റ് പ്രസസ് സൂപ്രണ്ടന്റ് എ സലീം പറഞ്ഞു.
കഴിഞ്ഞമാസം 15,000 പരസ്യം
അനന്തരാവകാശവുമായി ബന്ധപ്പെട്ട 15,000 പരസ്യം ഒമ്പത് ഗസറ്റിലായി കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചു. ആഗസ്ത് 31 വരെ ലഭിച്ച എല്ലാ അപേക്ഷയും തീർപ്പാക്കി. ഗസറ്റ് പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സം നേരിടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു തീവ്രയജ്ഞം.