മുംബൈ
കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയില്‍ ഈ വര്‍ഷം 179 പേര്‍കൂടി അതിസമ്പന്ന പട്ടികയില്‍ ഇടംനേടി. ബിജെപി സര്‍ക്കാരില്‍ ശക്തമായ സ്വാധീനമുള്ള അദാനി ഗ്രൂപ്പിന്റെ ഗൗതം ആദാനി ഒറ്റവര്‍ഷം വാരിക്കൂട്ടിയത് 3,65,700 കോടി രൂപ. അതായത്, പ്രതിദിനവരുമാനം 1000 കോടി. ആയിരം കോടിക്കുമേല്‍ സമ്പാദ്യമുള്ള 1007 പേര് രാജ്യത്തുണ്ട്. ഇവരുടെ സമ്പാദ്യത്തില്‍ ഒറ്റവര്‍ഷം 51 ശതമാനം വര്‍ധനയുണ്ടായി. ഇവരില്‍ 13 പേരുടെ സമ്പാദ്യം ലക്ഷംകോടിക്കു മുകളില്‍. ഇതില്‍ എട്ടുപേര്‍ പട്ടികയില്‍ എത്തിയത് ഈ വര്‍ഷംമാത്രം. ഹുറണ്‍ ഇന്ത്യയും ഐഐഎഫ്എല്‍ വെല്‍ത്തും ചേര്‍ന്നാണ് രാജ്യത്തെ അതിസമ്പന്നരുടെ കണക്ക് പുറത്തുവിട്ടത്.
പട്ടികപ്രകാരം തുടര്‍ച്ചയായ പത്താംവര്‍ഷവും രാജ്യത്തെ അതിസമ്പന്നരില്‍ മുന്നില്‍ മുകേഷ് അംബാനി. സമ്പാദ്യം 7,18,000 കോടി. 2020ല്‍ മാത്രം സമ്പാദ്യത്തില്‍ ഉണ്ടായ വര്‍ധന ഒമ്പത് ശതമാനം. രണ്ടാംസ്ഥാനത്ത് അദാനികുടുംബം. ആകെ സമ്പാദ്യം 1,40,200 കോടിയില്‍നിന്ന് 5,05,900 കോടിയായി. ഒറ്റവര്‍ഷംകൊണ്ട് സമ്പാദ്യത്തില്‍ 261 ശതമാനം വര്‍ധന. ഇതോടെ അദാനി ഏഷ്യയിലെ രണ്ടാത്തെ ശതകോടീശ്വരനായി.
രാജ്യത്ത് മൂന്നാംസ്ഥാനത്ത് എച്ച്സിഎല്‍ കമ്പനി ഉടമകളായ ശിവ് നാടാരും കുടുംബവും. സമ്പാദ്യം 2,36,600 കോടി (വര്‍ധന 67 ശതമാനം). അടുത്തസ്ഥാനത്ത് ഹിന്ദുജഗ്രൂപ്പ് (2,20,000 കോടി, 53 ശതമാനം വര്‍ധന). പിന്നാലെ മിത്തല്‍ ഗ്രൂപ്പ് (1,74,400 കോടി, വര്‍ധന 187 ശതമാനം). ആറാം സ്ഥാനത്ത് വാക്സന്‍ കമ്പനി മേധാവി സൈറസ് പൂനാവാല എത്തി. (സമ്പാദ്യം 1,63,700 കോടി, വര്‍ധന 74 ശതമാനം.)
2011ല്‍ രാജ്യത്ത് ശതകോടീശ്വരരുടെ എണ്ണം നൂറില്‍ താഴെയെങ്കില്‍ 2011ല്‍ 1007 ആയി കുതിച്ചെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 3000 പേരെങ്കിലും ഇന്ത്യയില്‍നിന്ന് ശതകോടീശ്വരപട്ടികയില്‍ എത്തുമെന്ന് ഹുറണ്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അനസ് റഹ്മാൻ ജുനൈദ് ചൂണ്ടിക്കാട്ടി. പത്തുവര്‍ഷമായി ഇന്ത്യന്‍ ശതകോടീശ്വരർ പ്രതിദിനം 2020 കോടിവീതം വരുമാനമുണ്ടാക്കുന്നു. സമ്പാദ്യം സ്വരൂപിക്കുന്നതില്‍ രാജ്യത്തെ എക്കാലത്തെയും റെക്കോഡ് വേഗമാണിത്.