മോൺസൻ്റെ പക്കലുള്ള മൊബൈൽ ഫോൺ അടക്കമുള്ള രേഖകൾ പിടിച്ചെടുക്കണമെന്നും മുൻപ് നൽകിയ പരാതിയിൽ പുനരന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്. ബലാത്സംഗക്കേസിൽ നിന്ന് ശരത്ത് എന്ന സുഹൃത്തിനെ രക്ഷിക്കാൻ ഉന്നത സ്വാധീനമുപയോഗിച്ച് മോൺസൻ ഇടപെട്ടുവെന്ന് യുവതി കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.
ആലപ്പുഴ സ്വദേശിയും മോൺസൻ്റെ ബിസിനസ് പങ്കാളിയുമായ ശരത്ത് എന്നയാൾക്കെതിരെയാണ് യുവതി പോലീസിൽ പീഡന പരാതി നൽകിയിരുന്നത്. വിവാഹവാഗ്ദാനം നൽകി ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കുന്നുണ്ട്. “കല്യാണം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത് ശരത്ത് എന്നെ വന്നു കണ്ടിരുന്നു. എൻ്റെ കുടുംബത്തെയും നേരിട്ട് കണ്ടിരുന്നു. പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് പോലീസിൽ പരാതി നൽകിയത്. ഇതിന് ശേഷം സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ മോൺസന് നൽകുമെന്ന് പറഞ്ഞ് നിരന്തരമായി ഭീഷണിപ്പെടുത്തി. തൻ്റെ നഗ്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി” – എന്നും യുവതി വ്യക്തമാക്കിയിരുന്നു.
പീഡന പരാതി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ എന്നെയും സഹോദരനെയും ഹണിട്രാപ്പിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞിരുന്നു. പീഡന പരാതി ജാമ്യമില്ലാ വകുപ്പായിട്ട് പോലും അവര്‍ക്ക് ജാമ്യം ലഭിച്ചു. മോൺസൻ്റെ ഉന്നതരുമായുള്ള സ്വാധീനം ഉപയോഗിച്ചാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. കേസ് നടപടികളോട് അനുകൂല നിലപാട് സ്വീകരിക്കുകയും കൈകാര്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ഉന്നത ഇടപെടലിലൂടെ ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്തു. പോലീസിൽ നൽകിയ പരാതികളും മറ്റ് വിവരങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ മോൺസന് അപ്പപ്പോൾ തന്നെ ലഭിച്ചിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.
പീഡന പരാതി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് മോൺസൻ തൻ്റെ സഹോദരനുമായി ബന്ധപ്പെട്ടിരുന്നതായി യുവതി വ്യക്തമാക്കുന്നുണ്ട്. സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെ ഗുണ്ടകളെ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഇതിനൊപ്പം രാഷ്ട്രീയക്കാരും ബിസിനസുകാരും വീട്ടിലേക്ക് വിളിക്കാൻ ആരംഭിച്ചു. മോൺസൻ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും കേസ് പിൻവലിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യമെന്നും യുവതി പറഞ്ഞിരുന്നു. പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വീഡിയോ ദൃശ്യങ്ങൾ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണി ശക്തമായിട്ടും കേസ് നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. പരാതിയിൽ പോലീസ് ഇടപെടൽ നടത്തിയില്ലെന്നും ഇവർ പറഞ്ഞിരുന്നു. മോൺസൻ മാവുങ്കലിൻ്റെ ബിസിനസ് പങ്കാളിയാണ് യുവതിയുടെ പരാതിയിൽ പറയുന്ന ശരത്ത്.