സുധാകരനെ ലക്ഷ്യംവെച്ചുള്ള നീക്കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മോൺസനെതിരായ കേസ് അന്വേഷണം മികച്ച രീതിയിൽ ഇനിയും പുരോഗമിക്കാനുണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കേസ് അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
മോൺസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ പോലീസിനുൾപ്പെടെ വീഴ്ച സംഭവിച്ചതും അന്വേഷണത്തിൻ്റെ പരിധിയിൽ വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോൺസൻ മാവുങ്കലുമായുള്ള ബന്ധത്തിൻ്റെ പേരിൽ സംസ്ഥാന പോലീസ് പ്രതിരോധത്തിലായ അവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ സുധാകരനെതിരെ നീക്കം ശക്തമാക്കിയാൽ ആഭ്യന്തരവകുപ്പിനെതിരെ ആരോപണം ശക്തമാകാനുള്ള സാഹചര്യവും മുന്നിൽ കണ്ടാണ് സിപിഎം തീരുമാനം. അതേസമയം, മോൺസൻ മാവുങ്കലുമായുള്ള ബന്ധത്തിൻ്റെ പേരിൽ കെപിസിസി പ്രസിഡൻ്റിനെ ലക്ഷ്യമാക്കി കോൺഗ്രസിൽ നീക്കം ശക്തമായി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബഹന്നാൻ രംഗത്തുവന്നു. സിബിഐ അന്വേഷിച്ചാലേ സത്യം പുറത്തുവരൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കെ സുധാകരനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്. “ഒരു ഫോട്ടോയുടെ പേരിൽ സുധാകരനെ അനാവശ്യമായി വേട്ടയാടുകയാണ്. രാഷ്ട്രീയ നേതാക്കൾ ഓരോ സ്ഥലത്തും എത്തുമ്പോൾ ആളുകൾ ഫോട്ടോ എടുക്കാൻ വരാറുണ്ട്. അവർ പിൽക്കാലത്ത് ഏതെങ്കിലും കേസിൽ അകപ്പെടുമ്പോൾ രാഷ്ട്രീയ നേതാക്കളെ കുറ്റപ്പെടുത്തരുത്. അത്തരത്തിൽ ആരെയും വേട്ടയാടുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല”- എന്നും അദ്ദേഹം പറഞ്ഞു. വിവാദം തുടരുന്നതിനിടെ മോൺസനെതിരെയും പരാതിക്കാരൻ അനൂപിനെതിരെയും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് സുധാകരൻ. വ്യാജ ചികിത്സ നൽകിയെന്നത് ചൂണ്ടിക്കാട്ടിയാണ് സുധാകരൻ മോൺസനെതിരെ പരാതി നൽകുക. കേസുമായി ബന്ധപ്പെട് പേര് വലിച്ചിഴച്ചതിനാണ് അനൂപിനെതിരെ പരാതി നൽകുക.
മോൺസൻ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാലും സ്വാഗതം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് ഒന്നും ഒളിച്ചുവെക്കാനില്ല, മോൺസനെ അറിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. വിഷയത്തിൽ പ്രതികരിക്കരുതെന്ന് നേതാക്കളോട് താൻതന്നെയാണ് പറഞ്ഞതെന്ന് സുധാകരൻ പാലക്കാട് പറഞ്ഞു.
ആരെങ്കിലും നല്ല ചികിത്സ ലഭിക്കുമെന്ന് പറഞ്ഞാൽ അവിടേക്ക് ഓടുന്ന സ്വഭാവം സുധാകരനുണ്ടെന്ന് കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. “അവിടെ മികച്ച ചികിത്സ ലഭിക്കുമെന്ന് ആരെങ്കിലും പറഞ്ഞു കാണും. അദ്ദേഹത്തിന് ഒരു സ്വഭാവമുണ്ട്, ആരെങ്കിലും അവിടെ നല്ല ചികിത്സ ലഭിക്കുമെന്ന് പറഞ്ഞാൽ ഉടനേ അങ്ങോട്ടു പോകുന്ന ഏർപ്പാട്. അങ്ങനെ ചികിത്സ നടത്തരുതെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ത്വക്ക് രോഗം വന്നപ്പോൾ മോൺസൻ വിദഗ്ദനാണെന്ന് ആരെങ്കിലും പറഞ്ഞു കാണും. മറ്റ് കുഴപ്പങ്ങളൊന്നും ഇല്ല. സർക്കാരിന് അന്വേഷിക്കാമല്ലോ” – എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.