കൊച്ചി
അഴീക്കൽ, ബേപ്പൂർ, വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആദ്യഘട്ടത്തിൽ ഏഴ് മീറ്ററും രണ്ടാംഘട്ടത്തിൽ 11 മീറ്ററുമാണ് കൂട്ടുന്നത്. കേരള മാരിടൈം ബോർഡ്, തീരദേശ കപ്പൽ സർവീസ് നടത്തുന്ന ജെഎം ബാക്സി ആൻഡ് കമ്പനി, കപ്പൽ ഓപ്പറേറ്റർ റൗണ്ട് ദി കോസ്റ്റ് എന്നിവ ചേർന്ന് സംഘടിപ്പിച്ച ഷിപ്പിങ് ട്രേഡ് മീറ്റ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് തീരദേശ കണ്ടെയ്നർ കപ്പൽ സർവീസ് ആരംഭിച്ച് മൂന്നു മാസത്തിനുള്ളിൽ അഴീക്കൽ, ബേപ്പൂർ, കൊല്ലം എന്നീ ചെറുകിട തുറമുഖങ്ങളിൽനിന്ന് 1,150 കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. ഇത് വലിയ നേട്ടമാണ്. കപ്പൽ സർവീസ് നടത്തുന്ന കമ്പനികൾക്ക് നൽകിവരുന്ന ആനുകൂല്യം കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച ട്രേഡ് മീറ്റിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി. മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു. എംഎൽഎമാരായ കെ വി സുമേഷ്, എം മുകേഷ്, എം വിൻസെന്റ്, കേരള മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി ജെ മാത്യു, തുറമുഖവകുപ്പ് അഡീഷണൽ സെക്രട്ടറി രമേശ് തങ്കപ്പൻ, നാഷണൽ ഷിപ്പിങ് ബോർഡ് അംഗം രാഹുൽ മോദി, റൗണ്ട് ദി കോസ്റ്റ് സിഇഒ കിരൻ നരേന്ദ്ര തുടങ്ങിയവർ സംസാരിച്ചു. വിദേശ, -ഇന്ത്യൻ കപ്പൽ കമ്പനികളുടെ പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിലെ കയറ്റുമതി, ഇറക്കുമതിക്കാരുടെ സംഘടനാ പ്രതിനിധികൾ, ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ തുടങ്ങിയവർ ട്രേഡ് മീറ്റിൽ പങ്കെടുത്തു.