ചേർത്തല
മോൻസൺ മാവുങ്കലിന്റെ ബിസിനസിൽ ബോളിവുഡ് നടി കരീന കപൂറിന്റെ പേരിലുള്ള ആഡംബര കാറും. ഇതുൾപ്പെടെ 20 വാഹനങ്ങൾ ചേർത്തല സ്റ്റേഷൻ അങ്കണത്തിൽ പൊലീസ് കസ്റ്റഡിയിൽ.
മഹാരാഷ്ട്ര രജിസ്ട്രേഷനിലെ എംഎച്ച് 02 എവൈ 4593 നമ്പറിലെ പോർഷേ കാറാണ് കരീന കപൂറിന്റെ പേരിലുള്ളത്. 2007 മോഡലാണ്. 2020 ഒക്ടോബറിലാണ് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തത്. ഇവയുടെ രേഖ ഹാജരാക്കാത്തതിനാൽ വിട്ടുകൊടുത്തില്ല. ഇയാളുടെ കൈവശം കാർ എത്തിയതും ഇത്രയും പഴയ വാഹനത്തിന്റെ ഉടമസ്ഥാവകാശം കരീന കപൂറിൽ നിലനിൽക്കുന്നതും ദുരൂഹമാണ്.
വാഹനങ്ങളുടെയെല്ലാം രജിസ്ട്രേഷൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ക്രൈംബ്രാഞ്ച് പിടിയിലാകുന്ന ദിവസം ചേർത്തലയിലെ വീട്ടിൽ ഇയാളെത്തിയ രണ്ട് ആഡംബര കാറും ഇത്തരത്തിലുള്ളതാണ്. ഇതിലൊന്നിന് രജിസ്ട്രേഷനില്ലെന്ന് മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ശ്രീവത്സം ഗ്രൂപ്പിന് വാടകയ്ക്ക് നൽകിയതാണ് വാഹനങ്ങളെന്നാണ് മോൻസണിന്റെ നിലപാട്. എന്നാൽ ഗ്രൂപ്പിന്റെ അരൂർ യാർഡിൽ അനുമതിവാങ്ങി മോൻസൺ ഇട്ടതാണ് പഴയ വാഹനങ്ങളെന്നാണ് ശ്രീവത്സം ഗ്രൂപ്പിന്റെ വിശദീകരണം. ജില്ലാ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.