തിരുവനന്തപുരം
ചാനൽ ചർച്ചയിൽ നിയമസഭാംഗങ്ങളെ അധിക്ഷേപിച്ച ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനെതിരെ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. നിയമസഭയെ വിമർശിക്കാം. എന്നാൽ, അധിക്ഷേപിക്കരുത്. ചാനൽ ചർച്ചയിൽ വിനു വി ജോൺ നിയമസഭാംഗങ്ങളെ തെമ്മാടികളെന്ന് വിശേഷിപ്പിച്ചത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്പീക്കർ.
പരാമർശം ശ്രദ്ധയിൽപ്പെട്ടിരുന്നു. പറഞ്ഞയാൾ ഖേദം പ്രകടിപ്പിച്ചതായും കേട്ടു. എല്ലാ അവതാരകർക്കും മാധ്യമ പ്രവർത്തകർക്കും ഇത് ബാധകമാണ്. അന്തസ്സുള്ള വാക്കുകൾ ഉപയോഗിക്കണം. വസ്തുതകൾ വളച്ചൊടിച്ച് വാർത്ത നൽകരുത്. പ്രദർശനം എന്ന വാക്കിനെ പ്രഹസനം എന്നാക്കിയും വാർത്ത നൽകി. നിയമസഭയ്ക്കെതിരായ സംഘടിത ആക്രമണത്തിന്റെ ഭാഗമാണ് ഇത്. ഇത്തരം കാര്യങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും സ്പീക്കർ പറഞ്ഞു.