തിരുവനന്തപുരം
കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ സംസ്ഥാനത്തെ കോവിഡ് ബ്രിഗേഡ് പ്രവർത്തനം അവസാനിപ്പിക്കുന്നു. 2020ലാണ് ബ്രിഗേഡ് ആരംഭിച്ചത്. 2021 മാർച്ചിൽ അംഗങ്ങളുടെ കാലാവധി കഴിഞ്ഞുവെങ്കിലും ആറുമാസംകൂടി നീട്ടി. എന്നാൽ, കേന്ദ്രം ശമ്പളത്തിനായി ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിൽ ഒക്ടോബർ അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്.
മൂന്നാം തരംഗമുണ്ടാകുന്ന സാഹചര്യത്തിൽ കുറച്ചുപേരുടെ സേവനം തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ദേശീയ ആരോഗ്യദൗത്യത്തിന്റെ നിർദേശത്തെ തുടർന്നാണ് ബ്രിഗേഡ് രൂപീകരിച്ചത്. 2021ലെ പ്രവർത്തനത്തിനായി അനുവദിച്ച കേന്ദ്രഫണ്ടിൽ ബ്രിഗേഡിനുള്ള തുക കേന്ദ്രം ഒഴിവാക്കി. നിലവിലുള്ള 19,796 അംഗങ്ങൾക്കായി ഒരു മാസം 35 കോടി രൂപ ശമ്പളമായി നൽകണം. കേരളത്തിലെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കുന്നതാണിത്.
ഡോക്ടർമുതൽ ശുചീകരണതൊഴിലാളിവരെ
ബ്രിഗേഡിലുണ്ടായിരുന്നത് ഡോക്ടർമാർമുതൽ ശുചീകരണ തൊഴിലാളികൾവരെ. മോഡേൺ മെഡിസിൻ, ആയുർവേദ, ഡെന്റൽ, ഹോമിയോ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എംഎസ്ഡബ്ല്യു, എംബിഎ, എംഎസ്സി, എംഎച്ച്എ ബിരുദധാരികൾ, സന്നദ്ധ പ്രവർത്തകർ, ഡാറ്റ എൻട്രി ജീവനക്കാർ, സെക്യൂരിറ്റി, ശുചീകരണത്തൊഴിലാളികൾ തുടങ്ങിയവർ ബ്രിഗേഡിന്റെ ഭാഗമായിരുന്നു. 14 ജില്ലയിലായി പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രം, രണ്ടാംതല കോവിഡ് ചികിത്സാ കേന്ദ്രം, ഗാർഹിക പരിചരണ കേന്ദ്രം, കൺട്രോൾ റൂം, ആശുപത്രികൾ എന്നിവിടങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. രോഗവ്യാപനം ഗുരുതരമായ സമയത്തടക്കം പ്രതിരോധപ്രവർത്തനത്തിൽ ഇവർ പ്രധാന പങ്കുവഹിച്ചു.