ലോകത്ത് പ്രായമായവർ വർധിക്കുകയും കുട്ടികളുടെ എണ്ണം കുറയുകയും ചെയ്യുന്നു. 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 30 വർഷംകൊണ്ട് ഇരട്ടിയാകും. നിലവിൽ 70.30 കോടിയാണ് വാർധക്യ ജനസംഖ്യ. ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം രണ്ടായിരത്തി അമ്പതോടെ ഇത് 150 കോടിയാകും. 1990ൽ ലോകജനസഖ്യയിൽ ആറു ശതമാനം പേരാണ് 65 വയസ്സ് പിന്നിട്ടത്. 2019ൽ അത് ഒമ്പത് ശതമാനമായി. 2050ൽ 16 ശതമാനമാകും. മൂന്നു പതിറ്റാണ്ട് തികയുമ്പോൾ ലോകത്ത് ആറ് പേരിൽ ഒരാൾ വാർധക്യത്തിലാകും.
പ്രായമായവരിൽ കൂടുതലും ഏഷ്യയിലായിരിക്കും. നിലവിൽ 26 കോടി പേരുള്ളത് 57 കോടിയാകും. ഏഷ്യൻ മേഖലയിലെ മൂന്നിൽ ഒരാൾ 65 വയസ്സ് പിന്നിടും. ജപ്പാനിൽ 28 ശതമാനം പേരും വാർധക്യത്തിലാകും. ഇറ്റലിയിൽ 23ഉം. ഏറ്റവും വലിയ വർധനയുണ്ടാകുക ഉത്തര ആഫ്രിക്കൻ മേഖലയിലാണ്. 226 ശതമാനം വർധന.
അതേസമയം, ലോകത്ത് ആയുർദൈർഘ്യം വർധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2015–-2020ലെ കണക്ക് പ്രകാരം 65 വയസ്സ് പിന്നിട്ടവർ ശരാശരി 17 വർഷംകൂടി ജീവിക്കുന്നു. ഇത് രണ്ടായിരത്തി അമ്പതോടെ 19 വർഷമായി ഉയരും. ഇന്ത്യൻ ജനസഖ്യയുടെ 10.1 ശതമാനം(13.8 കോടി) പേര് വൃദ്ധരാണ്. ഇത് 2030ൽ 13.1 ശതമാനമാക്കുമെന്നാണ് (19.4 കോടി) ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട്. ഇന്ത്യയിലെ പ്രായമായവരിൽ 16.5 ശതമാനം കേരളത്തില്. തമിഴ്നാടും(13.6) ഹിമാചലുമാണ്(13.1) രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ഏറ്റവും പിന്നിൽ ബിഹാറും(7.7) യുപിയും(8.1).