കൊച്ചി
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിച്ചു ശബ്ദ സാമ്പിൾ ശേഖരിച്ചു. ഇയാൾക്കെതിരെ പരാതിക്കാർ സമർപ്പിച്ച തെളിവുകൾ ഏറെയും ശബ്ദ റെക്കോഡുകളും വിഡിയോകളുമായതിനാലാണ് ശബ്ദ സാമ്പിളെടുത്തത്.
തെളിവുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുമുന്നോടിയായിരുന്നു സാമ്പിൾ ശേഖരണം. മോൻസണെ ചോദ്യം ചെയ്യുന്നതിനും പരാതി പരിശോധിക്കുന്നതിനുമായി ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയിരുന്നു. കസ്റ്റഡിയിലുള്ള പ്രതി അന്വേഷകസംഘത്തിനുമുന്നിൽ പരാതിക്കാർ പറയുന്ന ആരോപണങ്ങളിൽ കാര്യമായ വെളിപ്പെടുത്തലുകൾക്കു തയ്യാറായിട്ടില്ല. കൈവശമുള്ള പുരാവസ്തുക്കൾ വ്യാജമാണെന്നു സമ്മതിച്ചു. എന്നാൽ പരാതിക്കാരിൽനിന്ന് പണം വാങ്ങിയതുസംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടില്ല. പണമെല്ലാം ധൂർത്തടിച്ചെന്നാണ് മൊഴി നൽകിയത്. ഇതിനിടെ പരാതിക്കാരിലൊരാളായ കോഴിക്കോട് സ്വദേശി യാക്കൂബ് പുറായിലിൽനിന്ന് നാലുകോടി രൂപ വാങ്ങിയതിന് മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ കരാർ ക്രൈംബ്രാഞ്ചിന് ലഭിച്ചു. മറ്റൊരു പരാതിക്കാരനായ അനൂപ് കൂടി കക്ഷിയായാണ് കരാർ. ബാങ്ക് അക്കൗണ്ടിലൂടെ തുക കൈപ്പറ്റിയ കാര്യം മോൻസണും സമ്മതിച്ചിട്ടുണ്ട്.
മോൻസണിന്റെ വീടുകളിൽ നടത്തിയ പരിശോധനയിലും ബാങ്ക് അക്കൗണ്ടിലും ഇയാൾ കൈപ്പറ്റിയ പണം കണ്ടെത്തിയിട്ടില്ല. മോൻസണുമായി അടുപ്പമുള്ളവരുടെ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. എട്ടു മാസമായി വീടിന്റെ വാടക നൽകിയിട്ടില്ല. 200 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളത്. വീട്ടുവാടക മാസം 50,000 രൂപയും വൈദ്യുതി ബിൽ 30,000 രൂപയും. സുരക്ഷയ്ക്ക് 25 ലക്ഷം രൂപ ചെലവാക്കുന്നുവെന്നുമാണ് മൊഴി.
ഇയാളുടെ പക്കലുള്ള വിലയേറിയ കാറുകളുടെ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ ലഭ്യമല്ലാത്തതും അന്വേഷിക്കുന്നു. മോട്ടർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. ഏഴു വാഹനങ്ങളുള്ളതിൽ ഒന്നിന്റെ രജിസ്ട്രേഷൻ വിവരം മാത്രമാണ് വെബ്സൈറ്റിലുള്ളത്. ഫെരാരി കാർ മറ്റേതോ വാഹനം രൂപമാറ്റം വരുത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം വിദേശത്തേക്കും
മോൻസൺ മാവുങ്കലിന്റെ വിദേശ ബന്ധം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഗൾഫ് നാടുകളിലും അമേരിക്കയിലുമുള്ള ചിലരോട് മൊഴിയെടുക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷകസംഘം നോട്ടീസയക്കും. ഇതിൽ ഒരാൾ മോൻസണിന്റെ ബന്ധുവാണ്. മറ്റുള്ളവർ പുരാവസ്തുക്കൾ കൈമാറിയവരാണ്. ഒരു അറബ് വംശജനും ഇക്കൂട്ടത്തിലുണ്ട്. ഹാജരായില്ലെങ്കിൽ അന്വേഷണ സംഘം വിദേശത്ത് പോയി മൊഴിയെടുക്കും.
അമേരിക്കയിലുള്ള ബന്ധു വഴിവിട്ട് സഹായിച്ചതായി മൊഴിയുണ്ട്. ഇറ്റലിയിൽ താമസിക്കുന്ന മാള സ്വദേശി അനിത പുല്ലയിൽനിന്നും മൊഴിയെടുക്കും. ഇവരുടെ പേര് തട്ടിപ്പിന് ഇരയായവരുടെ പരാതിയിലുണ്ട്. ഇവർ ക്രൈംബ്രാഞ്ചിന് പ്രാഥമിക മൊഴി നൽകിയിട്ടുണ്ട്. പുരാവസ്തു ശേഖരത്തിൽ ഗൾഫിൽനിന്ന് എത്തിച്ച ഇനങ്ങളുണ്ട്. ഇത് എത്തിച്ചവരുടെ വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. മോൻസൺ വിദേശയാത്ര നടത്തിയിട്ടില്ലെന്നാണ് അന്വേഷകസംഘത്തിന്റെ നിഗമനം. പാസ്പോർട്ടില്ല. എന്നാൽ, വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും.
അന്വേഷണം ആവശ്യം: ഹൈക്കോടതി
മോൻസൺ മാവുങ്കലിനെതിരായ ആരോപണങ്ങളിൽ അന്വേഷണം ആവശ്യമുണ്ടെന്ന് ഹൈക്കോടതി. പൊലീസ് മേധാവിതലത്തിൽ വിശദമായ പരിശോധന വേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മോൻസണിന്റെ മുൻ ഡ്രൈവർ, കലൂരിൽ താമസക്കാരനായ ഇടുക്കി സ്വദേശി ഇ വി അജിത് നൽകിയ പൊലീസ് പീഡന പരാതിയിലാണ് കോടതിയുടെ നിർദേശം. മോൻസൺ അറസ്റ്റിലായ സാഹചര്യത്തിൽ കേസിന്റെ ഗൗരവം വർധിച്ചതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. ആഗസ്ത് ആദ്യവാരം ഹർജി വരുമ്പോൾ മോൻസണെ ആരും അറിയില്ലായിരുന്നു. ഇപ്പോൾ സാഹചര്യം മാറിയെന്നും കോടതി അഭിപ്രായപ്പെട്ടു. പൊലീസ് പീഡനപരാതിയിൽ കോടതി സർക്കാരിന്റെ റിപ്പോർട്ട് തേടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. കേസിൽ പൊലീസ് മേധാവിയെ കക്ഷിചേർക്കാൻ ഹർജിക്കാരന് അനുമതി നൽകി.
പണം നഷ്ടപ്പെട്ടയാളുടെ പരാതിയിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യംചെയ്തെന്നും കഴിഞ്ഞമാസം എട്ടിന് മൊഴി നൽകിയെന്നും അജിത് ഹർജിയിൽ പറയുന്നു. മോൻസണ് ചേർത്തല പൊലീസ് ഇൻസ്പെക്ടർ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും സിഐയും എസ്ഐയും നോട്ടീസ് നൽകാതെ ഹാജരാകാൻ ആവശ്യപ്പെടുകയാണെന്നും ഹർജിയിൽ പറയുന്നു. ശ്രീവൽസം ഗ്രൂപ്പ് ഉടമ രാജേന്ദ്രൻ പിള്ളയ്ക്ക് മോൻസൺ ആറുകോടി രൂപ കൊടുക്കാനുണ്ടെന്ന പരാതിയിലാണ് പൊലീസ് അജിത്തിന്റെ മൊഴിയെടുത്തത്. മോൻസൺ ഭീഷണിപ്പെടുത്തിയതായി കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് അജിത് പരാതിയും നൽകി. അജിത്തിന്റെ സുരക്ഷ ഉറപ്പാക്കാനും കോടതി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് നിർദേശം നൽകി.
രജിസ്റ്റർ ചെയ്തത് 4 കേസ്
മോൻസൺ മാവുങ്കലിനെതിരെ നാലു കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. സാമ്പത്തിക തട്ടിപ്പിന് കോഴിക്കോട് സ്വദേശികളായ ഷെമീർ, യാക്കൂബ് എന്നിവർ നൽകിയ പരാതികൾ, ഭൂമി തട്ടിപ്പിൽ പാലാ സ്വദേശി രാജീവിന്റെ പരാതി, ‘സംസ്കാര ടിവി’ ഉടമകളുടെ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് നാലു കേസുകൾ.
മോൻസൺ പുരാവസ്തുക്കളായി അവതരിപ്പിച്ച ശിൽപ്പങ്ങൾ നിർമിച്ചു നൽകിയ സുരേഷ്, ഇടനിലക്കാരനായിരുന്ന സന്തോഷ്, മുൻ ഡ്രൈവർ അജി എന്നിവർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. മോൻസൺ പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്ന എച്ച്എസ്ബിസി ബാങ്കിലെ അക്കൗണ്ട് വിവരങ്ങളും വിദേശനാണയ വിനിമയ നിയമ (ഫെമ) പ്രശ്നങ്ങളും തട്ടിപ്പായിരുന്നെന്ന് അറിയാമായിരുന്നുവെന്ന് മുൻ ഡ്രൈവർ അജി നെട്ടൂർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. അമേരിക്കയിലുള്ള മോൻസണിന്റെ ബന്ധു ഷിബുവാണ് ബാങ്കിന്റെ പേരിൽ ഉൾപ്പെടെ വ്യാജരേഖ തയ്യാറാക്കി നൽകിയത്. ഇക്കാര്യം താൻ പരാതിക്കാരെ അറിയിച്ചിരുന്നതായും അജി സ്ഥിരീകരിച്ചു.