കൊച്ചി
ജിഎസ്ടി കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ ഗുരുതരമായി ബാധിച്ചെന്നും ഫെഡറൽ സംവിധാനത്തിന് എതിരായി ജിഎസ്ടി നടപ്പാക്കിയതിലൂടെ ഒട്ടുമിക്ക സംസ്ഥാന സർക്കാരുകളും സാമ്പത്തിക പ്രതിസന്ധിയിലായെന്നും മന്ത്രി കെ എൻ ബാലഗോപാൽ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ ജിഎസ്ടി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി നടപ്പാക്കുംമുമ്പ് സംസ്ഥാനത്തിന് 14 മുതൽ 16 ശതമാനംവരെ വരുമാനവളർച്ചയുണ്ടായിരുന്നു. ജിഎസ്ടി നടപ്പാക്കിയതിന്റെ ആദ്യരണ്ട് വർഷങ്ങളിൽ വരുമാനവളർച്ച സ്തംഭിച്ചു. സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്ന വരുമാനത്തിന്റെ മൂന്നിൽ ഒരുഭാഗം നഷ്ടമായി. സംസ്ഥാനങ്ങളുടെ വരുമാനം വാണിജ്യ, വ്യവസായ മേഖലകളെ സംബന്ധിച്ച് നിർണായകമാണെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി വരുന്നതോടെ സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരം ഇല്ലാതാകുമെന്ന തമിഴ്നാടിന്റെ ആശങ്ക യാഥാർഥ്യമായെന്ന് തമിഴ്നാട് ധനകാര്യമന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ പറഞ്ഞു. സെസ് എന്ന രീതിയിൽ കേന്ദ്രസർക്കാരിന് നികുതി എത്തുന്നതോടെ പ്രത്യക്ഷ, പരോക്ഷ നികുതികൾ തമ്മിലുള്ള അനുപാതത്തിലും വ്യത്യാസമുണ്ടായി. ഇത് സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ ബാധിച്ചു. ഇത്രയധികം നികുതി അധികാരങ്ങൾ കേന്ദ്രസർക്കാരിൽ കേന്ദ്രീകരിക്കുന്ന ഏകരാജ്യം ഇന്ത്യയാണെന്നും ത്യാഗരാജൻ പറഞ്ഞു. അന്തർസംസ്ഥാന ചരക്കുനീക്കം സുഗമമാക്കാൻ ജിഎസ്ടി സഹായിച്ചുവെന്നും ഇതിലെ പ്രശ്നങ്ങൾ ഏറെ വൈകാതെ പരിഹരിക്കപ്പെടുമെന്നും കർണാടക വ്യവസായമന്ത്രി മുരുകേഷ് നിരാനി അഭിപ്രായപ്പെട്ടു.
ജിഎസ്ടിക്കായുള്ള ഫിക്കി ടാസ്ക് ഫോഴ്സ് ചെയർമാൻ സച്ചിൻമേനോൻ, തെലങ്കാന ഫിക്കി ചെയർമാൻ ടി മുരളീധരൻ, ഫിക്കി കർണാടക ചെയർമാൻ കെ ഉല്ലാസ് കാമത്ത്, ഫിക്കി കേരള കൗൺസിൽ സഹ -ചെയർമാൻ ദീപക് അസ്വാനി, ഫിക്കി സെക്രട്ടറി ജനറൽ ദിലീപ് ചെനോയ് തുടങ്ങിയവരും കോൺക്ലേവിൽ സംസാരിച്ചു.